ടോയ് ട്രെയിനിൽനിന്ന് തെറിച്ചുവീണു; ടയർ കഴുത്തിലൂടെ കയറിയിറങ്ങി അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
ജോധ്പൂർ: ടോയ് ട്രെയിനിൽനിന്ന് വീണ് അഞ്ചുവയസ്സുകാരി ചക്രങ്ങൾക്കടിയിൽപ്പെട്ട് മരിച്ചു. രാജസ്ഥാനിലെ പ്രശസ്തമായ മണ്ഡോർ ഗാർഡനിലാണ് സംഭവം ജോധ്പൂർ സ്വദേശി മുഹമ്മദ് ഹബീബിന്റെ മകൾ അനയ്‌റയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു കുട്ടി.
കുടുംബം ടോയ് ട്രെയിനിൽ യാത്ര ചെയ്യവെ ഡ്രൈവർ പെട്ടെന്ന് ശക്തമായി ബ്രേക്ക് ഇടുകയായിരുന്നു. ഇതോടെ കുട്ടി സീറ്റിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ നിലവിളിക്കുകയും വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ഓപ്പറേറ്റർ വണ്ടി മുന്നോട്ടെടുത്തു.
ട്രെയിനിന്റെ ടയർ കുട്ടിയുടെ കഴുത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹബീബിന്റെ അനന്തരവൾ മുസ്‌കാന് (20) പരിക്കേറ്റു. ഇരുവരെയും ഉടൻതന്നെ മഥുരദാസ് മാത്തൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനയ്‌റയെ രക്ഷിക്കാനായില്ല. പരിക്കേറ്റ മുസ്‌കാൻ ചികിത്സയിലാണ്.
ടോയ് ട്രെയിനിന്റെ സുരക്ഷാക്കുറവിനെക്കുറിച്ച് യാത്രയ്ക്ക് മുൻപ് തന്നെ ജീവനക്കാരോട് ആശങ്ക പങ്കുവെച്ചിരുന്നതായി കുട്ടിയുടെ പിതാവ് മുഹമ്മദ് ഹബീബ് പറഞ്ഞു. എന്നാൽ പൂർണ സുരക്ഷിതമാണെന്ന് പറഞ്ഞ് ജീവനക്കാർ തങ്ങളെ നിർബന്ധിച്ച് കയറ്റുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ ടോയ് ട്രെയിൻ ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തു.










0 comments