പോത്തോട്ടം നിരോധിക്കണം; അസം സർക്കാരിന് ഗുവാഹത്തി ഹൈക്കോടതിയുടെ കർശന നിർദ്ദേശം

ഗുവാഹത്തി: അസമിൽ പരമ്പരാഗതമായി നടത്തിവരുന്ന പോത്തോട്ടം അടിയന്തരമായി നിർത്തിവെക്കാൻ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കോടതിയുടെ സുപ്രധാന ഇടപെടൽ.
പോത്തോട്ടം സംഘടിപ്പിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി അസം സർക്കാരിനോട് നിർദ്ദേശിച്ചു. മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. വിനോദത്തിന്റെ പേരിൽ മൃഗങ്ങളെ പരസ്പരം പോരടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിരോധനം. തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടിന് സമാനമായി അസമിലെ മാഘ് ബിഹു ആഘോഷങ്ങളുടെ ഭാഗമായാണ് പോത്തോട്ടം സംഘടിപ്പിക്കാറുള്ളത്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വർഷങ്ങളായി തുടർന്നുപോരുന്ന ഈ ആചാരത്തിന് കോടതി നിരോധനം ഏർപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടങ്ങൾക്കും പൊലീസിനും ഹൈക്കോടതി നിർദ്ദേശം നൽകി. മൃഗങ്ങളോടുള്ള ക്രൂരത ഇല്ലാതാക്കാൻ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.







0 comments