print edition ഇന്ധനക്ഷാമം രൂക്ഷം; ഗുജറാത്തിൽ പമ്പുകൾ അടച്ചിട്ടു

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : എൽപിജി ക്ഷാമത്തോടൊപ്പം പെട്രോൾ, ഡീസൽ ലഭ്യതയുടെ കാര്യത്തിലും രാജ്യത്ത് പ്രതിസന്ധി ഉടലെടുക്കുന്നു. മൂന്ന് പതിറ്റാണ്ടോളമായി ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദ്, രാജ്‌കോട്ട് തുടങ്ങിയ നഗരങ്ങളിൽ ഇന്ധനക്ഷാമത്തെ തുടർന്ന് പലയിടത്തും തിങ്കളാഴ്‌ച മണിക്കൂറുകളോളം പമ്പുകൾ അടച്ചിട്ടു. വാഹന ഉടമകൾ പരിഭ്രാന്തരായതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പെട്രോളും ഡീസലുമെത്തിച്ചാണ് പമ്പുകൾ തുറന്നത്. തുടർച്ചയായ അവധി മൂലമാണ് ക്ഷാമമുണ്ടായതെന്നും ഒരാഴ്‌ചയ്‌ക്കകം പരിഹരിക്കുമെന്നുമാണ് സംസ്ഥാനത്തെ പെട്രോളിയം ഉൽപ്പന്ന വിതരണ സംഘടന പറയുന്നത്.
എൽപിജി ക്ഷാമം കണക്കിലെടുത്ത് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകളുടെ ഭാരം നിലവിലെ 14.2 കിലോയിൽനിന്നും 10 കിലോയായി ചുരുക്കാൻ എണ്ണവിപണന കമ്പനികൾ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് ഉൗഹാപോഹം മാത്രമാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഗുജറാത്തിൽ പമ്പുകൾ അടച്ച വാർത്തകൾ വന്നിട്ടും, രാജ്യത്തെവിടെയും പമ്പുകൾ അടച്ചിട്ടില്ലെന്നാണ് മന്ത്രാലയം ഉദ്യോഗസ്ഥർ വാദിക്കുന്നത്. എൽപിജി ക്ഷാമത്തെ തുടർന്ന് തിരുപ്പുരിലെ തുണിമില്ലുകൾ കൂട്ടത്തോടെ അടച്ചുതുടങ്ങി.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണം 40 ശതമാനമായി ഉയർത്തിയെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും സിലിണ്ടർ ക്ഷാമം തുടരുകയാണ്. ഉത്തരേന്ത്യൻ നഗരങ്ങളിൽ കരിഞ്ചന്തയിൽ സിലിണ്ടറിന് 5000–6000 രൂപ വരെയായി.










0 comments