ad
Deshabhimani

print edition ഇന്ധനവില ഇനിയും കൂട്ടും

Modi Petrol Fuel Price

പ്രതീകാത്മക ചിത്രം

avatar
എം പ്രശാന്ത്‌

Published on May 17, 2026, 12:00 AM | 2 min read

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിക്കുമെന്ന്‌ റിപ്പോർട്ട്‌. ലിറ്ററിന്‌ മൂന്ന്‌ രൂപയുടെ വർധനവാണ്‌ കഴിഞ്ഞ ദിവസം വരുത്തിയത്‌. പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന്‌ 15 രൂപയുടെയെങ്കിലും വർധനവാണ്‌ പൊതുമേഖലാ എണ്ണക്കമ്പനികൾ താൽപ്പര്യപ്പെടുന്നത്‌. ഒറ്റയടിക്ക്‌ വില കൂട്ടുന്നത്‌ വലിയ ജനരോഷത്തിന്‌ ഇടയാക്കുമെന്നതിനാലാണ്‌ ഘട്ടംഘട്ടമായി അടിച്ചേൽപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്‌.


റഷ്യ– ഉക്രയ്‌ൻ സംഘർഷത്തെ തുടർന്ന്‌ 2022ൽ ക്രൂഡോയിൽ വില ഉയർന്നപ്പോഴും സമാനമായ തന്ത്രമാണ്‌ കേന്ദ്രസർക്കാർ പയറ്റിയത്‌. 2022 മാർച്ച്‌ 22 മുതൽ ഏപ്രിൽ 16 വരെ 14 വട്ടം ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ 10 രൂപയ്‌ക്കടുത്താണ്‌ കൂട്ടിയത്‌. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില 110 ഡോളർ കടന്നെന്ന ന്യായം പറഞ്ഞായിരുന്നിത്‌. 2022 സെപ്‌തംബറിൽ തന്നെ ക്രൂഡ്‌ ഓയിൽ വില 80 ഡോളറിന്‌ താഴെയെത്തിയിരുന്നു. എന്നാൽ ഇ‍ൗ ഘട്ടത്തിൽ കൂട്ടിയ വില കുറയ്‌ക്കാൻ തയ്യാറായില്ല.


പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ ക്രൂഡ്‌ ഓയിൽ വില 110 ഡോളർ കടന്നുവെന്ന ന്യായീകരണമാണ്‌ ഇപ്പോഴത്തെ വിലകൂട്ടൽ ഘട്ടത്തിലും സർക്കാർ നടത്തുന്നത്‌. മാർച്ച്‌ അവസാനമാണ്‌ വില 110 ഡോളർ കടന്നത്‌. ഏപ്രിൽ പകുതിയോടെ വില 83 ഡോളറിലെത്തി. പിന്നീട്‌ പല ഘട്ടങ്ങളിലും ഉയർച്ച താഴ്‌ചകളിലൂടെയാണ്‌ ക്രൂഡ്‌ വില കടന്നുപോകുന്നത്‌. സ്ഥിരമായി 100 ഡോളറിന്‌ മുകളിൽ നിൽക്കുന്ന സ്ഥിതിയില്ല.


ഇന്ധന ഉപയോഗം കുറയ്‌ക്കുകയെന്ന ലക്ഷ്യവും വില കൂട്ടലിന്‌ പിന്നിലുണ്ട്‌. പശ്‌ചിമേഷ്യൻ സംഘർഷത്തോടെ ഇന്ത്യയുടെ ക്രൂഡ്‌ ശേഖരം 10.7 കോടി ബാരലിൽനിന്ന്‌ 9.1 കോടി ബാരലായി ഇടിഞ്ഞിട്ടുണ്ട്‌. 50 ലക്ഷം ബാരൽ ക്രൂഡ്‌ ഓയിലാണ്‌ ഇന്ത്യയുടെ പ്രതിദിന ആവശ്യം. നിലവിലെ ശേഖരം 18 ദിവസത്തേക്ക്‌ മാത്രമാണുള്ളത്‌. ഹോർമുസിലൂടെയുള്ള ക്രൂഡ്‌ ഓയിൽ വരവ്‌ നിലച്ചതിനൊപ്പം യുഎസ്‌ തീട്ടൂരപ്രകാരം ഇറാൻ, റഷ്യ ക്രൂഡ്‌ ഓയിൽ വേണ്ടെന്നു വെച്ചതും പ്രതിസന്ധി രൂക്ഷമാക്കി.


ഇന്ധന വിലവർധനയിൽ 
പ്രതിഷേധിക്കുക: മോട്ടോർ തൊഴിലാളികൾ


തിരുവനന്തപുരം : കേന്ദ്ര സർക്കാർ ഇന്ധനവില ലിറ്ററിന് മൂന്നുരൂപയും സിഎൻജി വില കിലോയ്ക്ക് രണ്ടുരൂപയും വർധിപ്പിച്ചതിനാൽ സംസ്ഥാനത്തെ റോഡ് ഗതാഗത മേഖലയിലെ മോട്ടോർ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണെന്ന്‌ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (സിഐടിയു).


ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ ഇന്ധനവില കുറക്കാത്ത കേന്ദ്ര സർക്കാർ ചെറിയ വർധനവിന്റെ പേരു പറഞ്ഞ് കുത്തകക്കമ്പനികളെ സഹായിക്കാനാണ് ശ്രമിക്കുന്നത്‌. ഇതു കാരണം തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുരിതത്തിലാവുകയാണ്.

കേന്ദ്ര ട്രാൻസ്പോർട്ട് നിയമവും ഇൻഷുറൻസ്‌, ടാക്‌സ്‌ വർധനയുംമൂലം പ്രതിസന്ധിയിലായ ഗതാഗത മേഖലയിൽ തൊഴിൽ ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്. വിലവർധനയിൽ മോട്ടോർ തൊഴിലാളികളും സംസ്ഥാന ഫെഡറേഷനുകളും യൂണിയനുകളും ശക്തമായി പ്രതിഷേധിക്കണമെന്ന്‌ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനും ജനറൽ സെക്രട്ടറി ടി കെ രാജനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ജനജീവിതം ദുസ്സഹമാക്കും: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍


പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്നു രൂപവീതം വര്‍ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി സാധാരണക്കാരന്റെ നടുവൊടിക്കുമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍. നിലവിലുള്ള ഊർജപ്രതിസന്ധിയെ തരണംചെയ്യുന്നതിൽ കേന്ദ്രസർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് ഇന്ധന വിലവർധന.

പാചകവാതക വിലയ്ക്കൊപ്പം ഇന്ധനവിലയും വർധിക്കുന്നത്‌ ജനജീവിതം കൂടുതൽ ദുസ്സഹമാക്കും. കേന്ദ്രസർക്കാർ വിലവർധന പിൻവലിക്കണമെന്ന്‌ അ സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖയും സെക്രട്ടറി സി എസ് സുജാതയും ആവശ്യപ്പെട്ടു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home