എക്‌സൈസ് തീരുവ 10 രൂപ കുറച്ചു
print edition പെട്രോൾ–ഡീസൽ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ ചുമത്തുന്ന സ്‌പെഷൽ അഡീഷണൽ എക്‌സൈസ് തീരുവയിൽ (എസ്‌എഐഡി) ലിറ്ററിന് 10 രൂപയുടെ കുറവുവരുത്തി. ഇതോടെ പെട്രോളിന്റെ എസ്‌എഐഡി 13 രൂപയിൽനിന്ന് മൂന്ന് രൂപയായും ഡീസലിന്റേത് 10 രൂപയിൽനിന്ന് പൂജ്യമായും കുറഞ്ഞു. തീരുവ കുറച്ചെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാത്തതിനാൽ പൊതുജനത്തിന് പ്രയോജനമില്ല. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡോയിൽ വില 100 ഡോളർ കടന്ന സാഹചര്യത്തിലാണ് എസ്‌എഐഡിയിൽ കുറവ് വരുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. റിലയൻസ്, നയാര തുടങ്ങിയ സ്വകാര്യ എണ്ണവിപണന കമ്പനികൾക്കും പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്കുമാണ് ഇൗ കുറവ് നേട്ടമാവുന്നത്.
അടിസ്ഥാന എക്‌സൈസ് തീരുവയിലോ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്ത റോഡ്– പശ്ചാത്തലസൗകര്യ സെസിലോ, കാർഷിക പശ്ചാത്തലസൗകര്യ വികസന സെസിലോ കുറവ് വരുത്തിയിട്ടില്ല. ഇതെല്ലാം ചേർന്ന് പെട്രോളിന് ചുമത്തുന്ന കേന്ദ്ര തീരുവ ലിറ്ററിന് 14.9 രൂപയായും ഡീസലിന്റേത് 7.8 രൂപയായും തുടരും. പെട്രോളിനും ഡീസലിനുംമേൽ കേന്ദ്രസർക്കാർ ലിറ്ററിന് 24.9 രൂപയും ഡീസലിന് 17.8 രൂപയുമാണ് വിവിധ രൂപങ്ങളിലായി തീരുവ ചുമത്തിയിരുന്നത്. ഇതിൽ സംസ്ഥാനങ്ങളുമായി പങ്കുവെയ്‌ക്കുന്ന അടിസ്ഥാന എക്‌സൈസ് തീരുവ പെട്രോളിന് 4.4 രൂപയും ഡീസലിന് 1.8 രൂപയും മാത്രം. ശേഷിക്കുന്നതത്രയും സംസ്ഥാനങ്ങളുമായി പങ്കുവെയ്‌ക്കേണ്ടതില്ലാത്ത തീരുവയാണ്.
അതേസമയം, തീരുവയടക്കം പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്ന് കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ സർക്കാരിന് ലഭിച്ച വരുമാനം 25 ലക്ഷം കോടിയിലേറെ രൂപയാണ്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞുനിന്നഘട്ടത്തിൽ പെട്രോൾ– ഡീസൽ വില കുറയ്‌ക്കാത്തതിനാൽ പൊതു–സ്വകാര്യ എണ്ണവിപണന കമ്പനികളും കൊള്ളലാഭം നേടിയിരുന്നു. ഇതിൽ പൊതുമേഖലാ കമ്പനികളിൽനിന്ന് നല്ലൊരു തുക ഡിവിഡന്റ് രൂപത്തിലും കേന്ദ്രത്തിന് കിട്ടാറുണ്ട്. ഇപ്പോൾ, എക്‌സൈസ് തീരുവയിൽ കുറവുവരുത്താനുള്ള തീരുമാനത്തിന് പിന്നിൽ സ്വകാര്യ കമ്പനികളുടെ സമ്മർദവും സംശയിക്കാം. സ്വകാര്യ കമ്പനിയായ നയാര കഴിഞ്ഞ ദിവസം പെട്രോൾ– ഡീസൽ വില വർധിപ്പിച്ചിരുന്നു.
കയറ്റുമതി തീരുവ പുനഃസ്ഥാപിച്ചു.
എസ്‌എഐഡിയിൽ കുറവ് വരുത്തിയതിലൂടെ സംഭവിക്കുന്ന വരുമാനനഷ്‌ടം നികത്തുന്നതിനായി കേന്ദ്രം ഡീസലിന്റെയും വിമാനഇന്ധനത്തിന്റെയും കയറ്റുമതി തീരുവ പുനഃസ്ഥാപിച്ചു. ഡീസലിന് ലിറ്ററിന് 21.5 രൂപയും വിമാനഇന്ധനത്തിന് ലിറ്ററിന് 29.5 രൂപയുമാണ് തീരുവ ചുമത്തിയത്. 2024ൽ ഇത് ഒഴിവാക്കിയിരുന്നു. പ്രതിവർഷം രണ്ടര കോടി ടൺ ഡീസൽ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ഏതാണ്ട് 75 ലക്ഷം ടണ്ണോളമാണ് വിമാനഇന്ധനത്തിന്റെ കയറ്റുമതി. ഇതും സംസ്ഥാനങ്ങളുമായി പങ്കുവെയ്‌ക്കേണ്ടതില്ല.










0 comments