ഭക്ഷണ പാക്കറ്റുകളിൽ ആരോഗ്യ മുന്നറിയിപ്പ് നിര്‍ബന്ധമാവും; കോടതി നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ വഴങ്ങി

ന്യൂഡൽഹി: പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ അമിതമായ അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണപാനീയങ്ങളുടെ പാക്കറ്റിൽ മുൻവശത്ത് 'ഹെക്സഗണൽ' മുന്നറിയിപ്പ് ലേബലുകൾ നിര്‍ബന്ധമാക്കാൻ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി. ഇവ ഒഴിവാക്കി നൽകിയ നടപടി ചോദ്യം ചെയ്തുള്ള പരാതിയിൽ സുപ്രീം കോടതി ഇടപെട്ടതോടെയാണ് തീരുമാനം. മുൻവശത്തെ ലേബലുകൾ നിര്‍ബന്ധമാക്കുമെന്ന് കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ അതോറിറ്റി വ്യക്തമാക്കി.
ത്രീ എസ് ആൻ്റ് അവര്‍ ഹെൽത്ത് സെസൈറ്റിയാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. അവ്യക്തവും വായിക്കാൻ പ്രയാസമുള്ളതുമായ നിലയിൽ പാക്കറ്റുകളുടെ പിറകുവശത്താണ് വിവരങ്ങൾ നൽകിയിരുന്നത്. ഇത് ആരോഗ്യ വെല്ലുവിളി ഉയര്‍ത്താവുന്ന ഭക്ഷവസ്തുക്കളെ തിരിച്ചറിയൽ പ്രയാസമാക്കി.
ഇനിമുതൽ അനുവദനീയമായ അളവിൽ കൂടുതൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളിൽ ട്രാഫിക് സ്റ്റോപ്പ് സൈൻ മാതൃകയിലുള്ള ചുവന്ന ഹെക്സഗണൽ ലേബൽ മുൻവശത്ത് തന്നെ പതിക്കണം. "HIGH SUGAR", "HIGH SALT", "HIGH FAT" എന്നിങ്ങനെ വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയതാവണം.
നെയ്യ്, എണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര,തേൻ എന്നിങ്ങനെയുള്ളവയിൽ ഒറ്റ ചേരുവ മാത്രമുള്ള അറിയിപ്പ് നൽകേണ്ടതില്ല. മുന്നറിയിപ്പില്ലാത്ത പാക്കറ്റുകൾ കുട്ടികളിൽ അമിത വണ്ണവും കൊഴുപ്പും മൂലമുള്ള പ്രശ്നങ്ങൾ വര്‍ധിപ്പിക്കുന്നതായി പരാതിക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. ആദ്യഘട്ടത്തിൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റി (FSSAI) ഇതുവരെ തുടര്‍ന്ന മാതൃകയെ ന്യായീകരിച്ചു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പെപ്സി, കൊക്കകോള, നെസ്ലെ പോലുള്ള ബ്രാന്റുകൾ ഇപ്പോഴും നീക്കത്തെ എതിര്‍ക്കുന്നുണ്ട്.
ആരോഗ്യ മുന്നറിയിപ്പുകളും വിലവിവരങ്ങളും ഉള്ളടക്കം സംബന്ധിച്ച വിവരങ്ങളും വായിക്കാൻ കഴിയാത്ത അത്രയും ചെറുതാക്കി നൽകുന്ന രീതി ഇടക്കാലത്ത് വര്‍ധിച്ചു. വിദേശ കമ്പനികൾ കൂടുതലായി ഇന്ത്യൻ വിപണിയിലേക്ക് എത്തിയതോടെയാണ് ഈ ഒത്തുതീര്‍പ്പ് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സൊസൈറ്റ് കോടതിയെ സമീപിച്ചത്.










0 comments