ad
Deshabhimani

വീണ്ടും കുഴൽകിണര്‍ അപകടം, 250 അടി താഴ്ചയിൽ വീണ നാലുവയസുകാരനെ രക്ഷിക്കാൻ തീവ്രശ്രമം

borewell accident
വെബ് ഡെസ്ക്

Published on May 16, 2026, 08:47 AM | 1 min read

ഹോഷിയാർപൂർ: പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നാല് വയസ്സുകാരൻ പുതുതായി കുഴിച്ച ബോർവെല്ലിൽ വീണു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഹോഷിയാർപൂർ-ദസൂയ റോഡിലെ ഭിഖോവാലിന് സമീപമുള്ള ചക് സമാന ഗ്രാമത്തിലാണ് അപകടമുണ്ടായത്. രവീന്ദർ സിങ്ങിന്റെ മകൻ ഗുർകരൻ സിംഗ് ആണ് അപകടത്തിൽപ്പെട്ടത്. കുട്ടിയെ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ആദ്യഘട്ടത്തിൽ കിണറിൽ അകപ്പെട്ട കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നു. എങ്കിലും മണ്ണും ചളിയും ഇടിഞ്ഞ് താഴ്ന്നത് ആശങ്കയായി.


ഏകദേശം 250 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി താഴ്ന്ന് പോയതെന്ന് ഹോഷിയാർപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പരംപ്രീത് സിംഗ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ കുട്ടി ഏകദേശം 20-25 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണ്ടെത്തിയത്. കുട്ടിയുടെ കുടുംബത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ് ഈ കിണര്‍. അടുത്തിടെയാണ് ഇതിന്റെ പണികൾ പൂർത്തിയായത്. എന്നാൽ ചുറ്റും മണ്ണും മെറ്റലും നിറയ്ക്കുന്ന ജോലികൾ ബാക്കിയുണ്ടായിരുന്നു. ചെളി കെട്ടികിടക്കുന്ന സാഹചര്യമായിരുന്നു.


ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ട്. പോലീസ്, ഫയർഫോഴ്‌സ്, മെഡിക്കൽ എമർജൻസി ടീമുകൾ എന്നീങ്ങനെ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.


ക്യാമറ നിരീക്ഷണവും

ഓക്സിജൻ വിതരണവും


കുട്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുന്നതിനായി ബോർവെല്ലിനുള്ളിലേക്ക് ക്യാമറ താഴ്ത്തിയിട്ടുണ്ട്. പൈപ്പ് വഴി ഓക്‌സിജൻ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കുട്ടിക്ക് പരിഭ്രാന്തി ഉണ്ടാകാതിരിക്കാൻ അമ്മയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി സംസാരിപ്പിച്ചു. രാത്രിയിലും രക്ഷാപ്രവർത്തനം തടസ്സമില്ലാതെ തുടരുന്നതിനായി ബോർവെല്ലിനുള്ളിലും പുറത്തും ആവശ്യമായ ലൈറ്റിംഗ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ ഇൻസിഡന്റ് കമാൻഡറായി ചുമതലപ്പെടുത്തി.


പ്രതിസന്ധിയായി മണ്ണിടിച്ചിൽ


കുട്ടിയുടെ അടുത്തെത്താനായി ബോർവെല്ലിന് സമാന്തരമായി മറ്റൊരു കുഴിയെടുക്കാനാണ് രക്ഷാപ്രവർത്തകർ ആദ്യം പദ്ധതിയിട്ടത്. ഇതിനായി ജെ സിബി ഉൾപ്പെടെയുള്ള മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ആദ്യം ക്യാമറ ദൃശ്യങ്ങളിൽ കുട്ടിയെ വ്യക്തമായി കാണാമായിരുന്നെന്നും കുട്ടിക്ക് വെള്ളവും ഓക്സിജനും എത്തിച്ചിരുന്നതായും പ്രദേശത്തെ എംപി രാജ് കുമാർ ഛബ്ബേവാൾ പറഞ്ഞു. എന്നാൽ പിന്നീട് ചുറ്റുമുള്ള അയഞ്ഞ മണ്ണ് ബോർവെല്ലിലേക്ക് ഇടിഞ്ഞുവീണത് ക്യാമറയുടെ കാഴ്ചയെ മറയ്ക്കുകയും രക്ഷാപ്രവർത്തനം കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home