സ്വർണത്തരി എടുക്കാൻ ജ്വല്ലറിയുടെ സെപ്റ്റിക് ടാങ്കിൽ ഇറങ്ങി: നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം
ജയ്പൂർ : ജയ്പൂരിലെ ജ്വല്ലറിയിലെ സെപ്റ്റിക് ടാങ്കിൽ സുരക്ഷാ ഉപകരണങ്ങളില്ലാതെ ഇറങ്ങിയ നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം. വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികൾ കൊല്ലപ്പെട്ടത്. കഴുകുന്നതിനിടെ നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെയും വെള്ളിയുടെയും തരികൾ വീണ്ടെടുക്കുന്നതിനായാണ് സുരക്ഷാ ഉപകരണങ്ങളില്ലാതെ തൊഴിലാളികൾ ഇറങ്ങിയത്. ജയ്പൂരിലെ സീതാപുര ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ജ്വല്ലറിയിലെ വ്യാവസായിക മാലിന്യം തള്ളുന്ന ടാങ്കിലാണ് തൊഴിലാളികൾ ഇറങ്ങിയത്. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെയായിരുന്നു സംഭവം. 10 അടി ആഴമുള്ള ടാങ്കിലേയ്ക്കാണ് എട്ട് തൊഴിലാളികൾ ഇറങ്ങിയത്.
മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വിലയേറിയ വസ്തുക്കളെ അനാവശ്യ വസ്തുക്കളിൽ നിന്ന് വേർതിരിക്കുന്നതിനും കൂടുതൽ സംസ്കരണത്തിനായി തയ്യാറാക്കുന്നതിനുമായി കഴുകുമ്പോൾ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും തരികൾ പലപ്പോഴും നഷ്ടപ്പെടാറുണ്ട്. രാസ സംസ്കരണം അടക്കമുള്ള രീതികളിലൂടെയാണ് അവ വീണ്ടെടുക്കുന്നത്. സെപ്റ്റിക് ടാങ്കിലെ ചെളിയിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകിയ ശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും തരികൾ വേർതിരിച്ചെടുക്കുന്ന രീതി ജ്വല്ലറിയിൽ മുമ്പേ നിലനിൽക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ജ്വല്ലറിയിലെ ശുചീകരണ തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്.
തുടക്കത്തിൽ തൊഴിലാളികൾ ജോലി ഏറ്റെടുക്കാൻ വിസമ്മതിച്ചെങ്കിലും അധിക പണം വാഗ്ദാനം ചെയ്തതിനെത്തുടർന്ന് അവർ ജോലി ചെയ്യാൻ സമ്മതിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ടാങ്കിലേക്ക് ഇറങ്ങിയതോടെ തൊഴിലാളികൾ ബോധരഹിതരായി വീഴുകയായിരുന്നു. യുപിയിലെ സുൽത്താൻപൂർ, അംബേദ്കർ നഗർ സ്വദേശികളായ രോഹിത് പൽ, സഞ്ജീവ് പൽ, ഹിമാൻഷു സിംഗ്, അർപിത് യാദവ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെയാണ് തൊഴിലാളികളെ ടാങ്കിലേക്ക് ഇറക്കിയത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.









0 comments