തോക്കുചൂണ്ടി എസ്‌യുവി കവർന്നു: നാലുപേർ പിടിയിൽ, വാഹനം കണ്ടെത്തി

പഠാൻകോട്ട്: പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ തോക്കുചൂണ്ടി കാർ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ദിവസത്തിന് ശേഷം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട എസ്‌യുവി പൊലീസ് കണ്ടെടുത്തു. പ്രധാന പ്രതിയായ സുർജിത് സിംഗ് എന്ന ഷീനയെ ഗുജറാത്ത് പൊലീസിന്റെ സഹായത്തോടെ വഡോദരയിൽ നിന്നാണ് പിടികൂടിയത്. മറ്റൊരു പ്രതിയായ ഗുർദാസ്പൂർ സ്വദേശി രാഹുൽ ഭട്ടി എന്ന ബോബിയെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് റെയ്ഡുകൾ ശക്തമായതോടെ അറസ്റ്റ് ഒഴിവാക്കാനായി ഷീന ഗുജറാത്തിലേക്ക് കടക്കുകയായിരുന്നെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് മൻമീത് സിംഗ് അറിയിച്ചു. അമൃത്‌സറിലെ സദർ പൊലീസ് സ്റ്റേഷനിൽ വധശ്രമം, ആയുധ നിയമം എന്നീ വകുപ്പുകൾ പ്രകാരം സുർജിത് സിംഗിനെതിരെ മുൻപും കേസുകൾ നിലവിലുണ്ട്. കൂടുതൽ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കാൻ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറും രൂപവും മാറ്റാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
നവംബർ 15 ഞായറാഴ്ച രാത്രി 9:30ഓടെ സുജൻപൂരിലെ പഠാൻകോട്ട്-ജമ്മു ദേശീയപാതയിലുള്ള ഡൗൺടൗൺ മാൾ 44-ലാണ് കവർച്ച നടന്നത്. വാഹനമുടമയുടെ കുടുംബത്തെ മാളിൽ എത്തിച്ച ശേഷം വെള്ള മഹീന്ദ്ര XUV500 (PB35AA-9902) കാറിനുള്ളിൽ കാത്തിരിക്കുകയായിരുന്നു ബാമിയൽ സ്വദേശിയായ 40-കാരൻ പ്രവീൺ സിംഗ്. ഈ സമയം കറുത്ത തലപ്പാവ് ധരിച്ചെത്തിയ ആയുധധാരിയായ അക്രമി പ്രവീണിന്റെ നെഞ്ചിലേക്ക് തോക്കുചൂണ്ടുകയും മർദിക്കുകയും വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പുറത്താക്കിയ ശേഷം വാഹനവുമായി കടന്നുകളയുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ പഞ്ചാബ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പഠാൻകോട്ട് പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്തർസംസ്ഥാന തലത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. മാളിലെയും പഠാൻകോട്ട്-ജമ്മു ഹൈവേയിലെയും വിവിധ ചെക്ക്‌പോസ്റ്റുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. വാഹനം കത്വ ഭാഗത്തേക്കാണ് പോയതെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനം ഗുർദാസ്പൂർ ഭാഗത്തേക്കാണ് നീങ്ങിയതെന്ന് വ്യക്തമായി.
തുടർന്ന് ഗുർദാസ്പൂരിലെ ബാബ്രി ബൈപ്പാസിലും അമൃത്‌സർ, ഡൽഹൗസി, കാംഗ്ര, കത്വ എന്നിവിടങ്ങളിലേക്കുള്ള പാതകളിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കുകയും ടോൾ പ്ലാസ രേഖകൾ പരിശോധിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക നിരീക്ഷണവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയതും മോഷ്ടിക്കപ്പെട്ട വാഹനം കണ്ടെത്തിയതും. സുജൻപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments