മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു

ന്യൂഡൽഹി > മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെഎയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന് എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസിലെത്തിയിരുന്നു.
ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം രാഹഷ്‌ട്രീയത്തിൽ രംഗപ്രവേശനം നടത്തുന്നത്. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. ആഗോളവൽക്കരണവും ഉദാരവൽക്കരണവും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക്‌പരിചയപ്പെടുത്തിയത് മന്‍മോഹന്‍ സിങ് നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങളിലൊന്നായിരുന്നു.
1991 ലാണ് മൻമോഹൻ സിങ് രാജ്യസഭയിൽ എത്തുന്നത്. അസം സംസ്ഥാനത്തിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം പിന്നീട് 1995, 2001,2007 ലും 2013 ലും അസമിൽ നിന്നു തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1999 ൽ ദക്ഷിണ ഡൽഹിയിൽ നിന്നും ലോക സഭയിലേക്ക് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. 1991 മുതൽ 2024 വരെ 6 തവണ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്ന മൻമോഹൻ സിങ് ഇക്കഴിഞ്ഞ ഏപ്രിലിൽ രാജ്യസഭാഗത്വം ഒഴിഞ്ഞു.
ആഡംസ്‌മിത്ത് പുരസ്‌കാരം (കേംബ്രിജ് സർവകലാശാല), ലോകമാന്യ തിലക് പുരസ്‌കാരം, ജവഹർലാൽ നെഹ്‌റു ജന്മശതാബ്ദി പുരസ്കാരം, മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.








0 comments