കോടതിയലക്ഷ്യക്കേസിൽ തടവുശിക്ഷ ലഭിച്ച ആദ്യ സിറ്റിങ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു

ചെന്നൈ: കോടതിയലക്ഷ്യക്കേസിൽ തടവുശിക്ഷ ലഭിച്ച ആദ്യ സിറ്റിങ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു. 71 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ചികിത്സയോട് പ്രതികരിക്കാതിരുന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
1955ൽ തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ ജനിച്ച കർണൻ 1983ൽ മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2009 മാർച്ചിൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2011ൽ സ്ഥിരം ജഡ്ജിയായി.
സഹജഡ്ജിമാർക്കെതിരായ ആരോപണങ്ങളും സുപ്രീംകോടതിയുമായുള്ള ഏറ്റുമുട്ടലുകളും കാരണം ഔദ്യോഗിക ജീവിതത്തിലുടനീളം വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജാതിവിവേചനവും അഴിമതിയും ആരോപിച്ച് നിരവധി ജഡ്ജിമാർക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. 2016ൽ കൽക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതും വിവാദങ്ങൾക്ക് വഴിവെച്ചു.
2017ൽ സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ ഉൾപ്പെടെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. തുടർന്നുണ്ടായ നടപടികൾക്കൊടുവിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ്. ഖെഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ച് അദ്ദേഹത്തെ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനായി കണ്ടെത്തി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു.
സിറ്റിങ് ഹൈക്കോടതി ജഡ്ജിക്ക് കോടതിയലക്ഷ്യക്കേസിൽ തടവുശിക്ഷ ലഭിക്കുന്നത് രാജ്യത്ത് ആദ്യമായിരുന്നു. വിധിക്ക് പിന്നാലെ ഒളിവിൽ പോയ കർണനെ 2017 ജൂണിൽ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ആറുമാസത്തെ ശിക്ഷ പൂർത്തിയാക്കി അതേ വർഷം ഡിസംബറിൽ ജയിൽമോചിതനായി.
പിന്നീട് രാഷ്ട്രീയത്തിലും സജീവമായ അദ്ദേഹം 2018ൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. ജഡ്ജിമാർക്കും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങളടങ്ങിയ വീഡിയോകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് 2020ൽ വീണ്ടും അറസ്റ്റിലായി. 2021 ൽ ഉപാധികളോടെ ജാമ്യം ലഭിച്ചു.









0 comments