print edition കോൺഗ്രസുകാരേ യലഹങ്കയിലെ ഫാത്തിമാ ബീവി ഇപ്പോഴും പൊരിവെയിലത്താണ്

ബംഗളൂരു യലഹങ്ക കൊഗിലുവിൽ ബുൾഡോറുകൾ തകർത്ത ഫക്കീർ കോളനിയിൽ ടാർപ്പോളിൻ വലിച്ചുകെട്ടി താമസിക്കുന്ന ഫാത്തിമാ ബീവിയും മകൾ മുഹമ്മദീസയും. ഫോട്ടോ/ ജി പ്രമോദ്

വിനോദ് പായം
Published on Apr 02, 2026, 12:00 AM | 2 min read
ബംഗളൂരു: ഉച്ചയ്ക്ക് വീശിയടിക്കുന്ന തീക്കാറ്റിലും പൊടിയിലും ദുരിതം മാത്രം തിന്നുകഴിയുകയാണ് യലഹങ്ക കൊഗിലുവിലെ ഫാത്തിമാ ബീവിയും മക്കളും. 20 വർഷം മുന്പ് പാലക്കാടുനിന്നും ബംഗളൂരുവിലെത്തി, കൊഗിലുവിലെ ചേരിപ്രദേശമായ ഫക്കീർ കോളനിയിൽ താമസം തുടങ്ങിയതാണ്. കഴിഞ്ഞ വർഷം ഡിസംബർ 20ന് പുലർച്ചെ കർണാടകയിലെ കോൺഗ്രസ് സർക്കാരയച്ച ബുൾഡോസർ നിരപ്പാക്കിയതാണ് ഫാത്തിമയുടെ വീട്. അതേ സ്ഥലത്ത് ഇടിഞ്ഞുവീണ ഇഷ്ടികക്കഷണങ്ങൾക്ക് മുകളിൽ ടാർപ്പോളിൻ വിരിച്ചുകെട്ടി ജീവിതം തുടരുകയാണ് ഫാത്തിമയും മകൾ മുഹമ്മദീസയും. മറ്റുമൂന്നു പെൺമക്കളായ ഷക്കീലയും ജമീലയും മുംതാസും കല്യാണം കഴിഞ്ഞ് വേറെ വീടുകളിലാണ്. ഭർത്താവ് ഇപ്പോൾ ഒപ്പമില്ല. പകൽ സമയത്ത്, ബംഗളൂരു നഗരത്തിൽ ഭിക്ഷയാചിച്ച് കിട്ടുന്ന വരുമാനത്തിൽ ജീവിതം തള്ളിനീക്കുന്നു.
സ്ഥലത്തിന് രേഖയുള്ളവർക്ക് സമീപത്ത് ബൈയപ്പനഹള്ളിയിൽ ഫ്ലാറ്റ് നൽകുമെന്നാണ് കർണാടക സർക്കാർ അന്ന് പറഞ്ഞത്. അതേറ്റു പിടിച്ച കോൺഗ്രസുകാർ, നടന്നത് ബുൾഡോസർ രാജല്ല എന്ന വ്യാഖ്യാനം കേരളത്തിലും നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെയാണ് കോൺഗ്രസിന്റെ ബുൾഡോസർ രാജ് ദേശീയ ശ്രദ്ധയിലെത്തിയത്. അതേ തുടർന്നാണ്, പുനരധിവാസമെന്ന പാഴ് വാഗ്‌ദാനം കോൺഗ്രസ് സർക്കാർ നടത്തിയതും. എന്നാൽ ഫാത്തിമാ ബീവിയെപോലെ ഏതാണ്ട് ഇരുന്നൂറോളം മുസ്ലീം -ദളിത് കുടുംബങ്ങൾ ഇപ്പോഴും പൊരിവെയിലത്തു തന്നെയാണ്. സന്നദ്ധ സംഘടനകൾ എത്തിക്കുന്ന ഭക്ഷണം കഴിച്ചും വസ്‌ത്രം ധരിച്ചും അവരുടെ കുഞ്ഞുമക്കളിപ്പോഴും പൊടിമണ്ണിൽ കളിക്കുന്നു. 141 കുട്ടികളാണ് ഫക്കീർ കോളനി, വസീം സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഇപ്പോഴുള്ളത്.
കൊഗിലു ഉറുദു സ്കൂളിന് സമീപത്തും ഇവിടത്തെ ഉപേക്ഷിച്ച ക്വാറിയുടെ മറുഭാഗത്തും താമസിക്കുന്നവർക്കെതിരെയാണ് സിദ്ദരാമയ്യ സർക്കാർ പാതിരാത്രിയിൽ ബുൾഡോസർ പായിച്ചത്. ഫക്കീർ, വസീം സ്ട്രീറ്റ് കോളനികളിലായി കുടിയിറക്കപ്പെട്ടവരിൽ 132 മുസ്ലിം 32 ദളിത് ഹിന്ദു, ഒരു ക്രിസ്ത്യൻ കുടുംബങ്ങളാണ് അന്നുമുതൽ തെരുവിലായത്. ഫക്കീർ കോളനിയിൽ 98 ശതമാനവും മുസ്ലീം കുടുംബങ്ങളാണ്. ഇവർക്ക് റേഷൻ, ആധാർ, തെരഞ്ഞെടുപ്പ്, പാൻ കാർഡുകളുണ്ട്. ബുൾഡോസർ പുലർച്ചെ പാഞ്ഞുകയറിയപ്പോൾ, വീട്ടിലെ രേഖകളടക്കം മണ്ണിനടിയിലായി. എന്നിട്ടും രേഖകൾ ഇല്ലാത്തവർ എന്നുവ്യാഖ്യാനിച്ചാണ് ഇവരെ കുടിയേറ്റക്കാരായി മുദ്രകുത്തുന്നത്. കുടിലുകൾ തകർത്ത സ്ഥലത്തേക്ക് വൈദ്യുതിയും കുടിവെള്ളവും എത്തിക്കണമെന്ന മനുഷ്യാവകാശ കമീഷന്റെ ഉത്തരവ് വന്നതിനാൽ, അത് മാത്രമാണ് ഇൗ 100 ദിവസം കഴിഞ്ഞിട്ടും കൊഗിലുവിൽ ഏർപ്പാടാക്കിയത്.









0 comments