ad
Deshabhimani

സാങ്കേതിക തകരാർ: ഹൈദരാബാദ്-ഹുബ്ബള്ളി വിമാനം ആകാശത്ത് വട്ടംചുറ്റിയത് നാല് മണിക്കൂർ

fly91
വെബ് ഡെസ്ക്

Published on Apr 20, 2026, 10:43 AM | 1 min read

ബംഗളൂരു: ഹൈദരാബാദിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നാല് മണിക്കൂറോളം ആകാശത്ത് കുടുങ്ങി. ഫ്ലൈ91 എയർലൈൻസിന്റെ ഐസി 3401 വിമാനമാണ് ലാൻഡിംഗിന് തൊട്ടുമുൻപ് തകരാർ സംഭവിച്ച് അപകടാവസ്ഥയിലായത്. ഒടുവിൽ നാല് മണിക്കൂർ നീണ്ട ആശങ്കകൾക്കൊടുവിൽ വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.


ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഷെഡ്യൂൾ പ്രകാരം വൈകുന്നേരം 4.30-ന് ഹുബ്ബള്ളിയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ ലാൻഡിംഗിന് തൊട്ടുമുൻപ് വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയും പൈലറ്റുമാർ ലാൻഡിംഗ് ശ്രമം ഉപേക്ഷിക്കുകയുമായിരുന്നു. തുടർന്ന് മുണ്ട്ഗോഡ്, ദാവൻഗെരെ, ഷിവമോഗ എന്നീ പ്രദേശങ്ങൾക്ക് മുകളിലായി വിമാനം നാല് മണിക്കൂറോളം വട്ടംചുറ്റി. വിമാനം ആകാശത്ത് കുടുങ്ങിയതോടെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലായി. രാത്രി 7.30-ഓടെയാണ് വിമാനം ബെംഗളൂരുവിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.


അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ യാത്രക്കാരുടെ ബന്ധുക്കൾക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ ഫ്ലൈ91 എയർലൈൻസ് പരാജയപ്പെട്ടുവെന്ന് ആക്ഷേപമുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിലും ആശയവിനിമയത്തിലെ പോരായ്മയിലും യാത്രക്കാരുടെ കുടുംബാംഗങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home