താനെയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി സെൻട്രൽ റെയിൽവേ അധികൃതർ അറിയിച്ചു. താനെ ജില്ലയിലെ ദിവ, മുംബ്ര സ്റ്റേഷനുകൾക്കിടയിലാണ് യാത്രക്കാർ ട്രെയിനിൽ നിന്നും വീണത്. തിരക്കേറിയ ട്രെയിനിൽ വാതിലിൽ തൂങ്ങി പിടിച്ച് നിന്ന് യാത്ര ചെയ്ത പന്ത്രണ്ട് പേരാണ് ട്രാക്കിലേക്ക് വീണത്.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് (സിഎസ്എംടി) പോകുകയായിരുന്ന ട്രെയിനിലാണ് അപകടം. ട്രെയിനിൽ ശേഷിയിലധികം യാത്രക്കാരുണ്ടായിരുന്നതായും നിരവധി യാത്രക്കാർ വാതിലുകളിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുകയായിരുന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ. മുംബ്ര സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് നിരവധി പേരാണ് ട്രാക്കിലേക്ക് വീണത്.
അപകടത്തിന് പിന്നാലെ റെയിൽവേ, പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം സെൻട്രൽ ലൈനിലെ ലോക്കൽ ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചു. സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.









0 comments