കൊറിയൻ ഗെയിം സ്വാധീനം മാത്രമോ, സഹോദരിമാര്‍ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച കേസിൽ ദുരൂഹത തുടരുന്നു

ന്യൂഡൽഹി:ഗാസിയാബാദിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി മരിച്ച കേസിൽ പിതാവിന്റെ മൊഴികളിൽ ദുരൂഹത. സഹോദരിമാർ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തതിന് പിന്നിൽ കൊറിയൻ ഗെയിം അഡിക്ഷനാണെന്ന നിഗമനത്തിലായിരുന്ന ആദ്യഘട്ടത്തിൽ പൊലീസ്.
ഗാസിയാബാദിലെ റസിഡൻഷ്യൽ ടൗൺഷിപ്പായ ഭാരത് സിറ്റിയിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് പാഖി (12),പ്രാചി (14),നിഷിക (16)എന്നിവർ ആത്മഹത്യ ചെയ്തത്. പിതാവ് ചേതൻകുമാറിന്റെ മൊഴികളിലെ വൈരുദ്ധ്യം കേസിൽ കൂടുതൽ സംശയങ്ങൾ ഉയര്‍ത്തിയിരിക്കയാണ്.
കുടുംബത്തിന്റെ ജീവിത രീതി തന്നെയും അന്വേഷകരെ അമ്പരപ്പിക്കുന്നതാണ്. ചേതൻ കുമാറും മൂന്ന് ഭാര്യമാരായ സുജാത,ഹിന,ടീന എന്നിവരും അവരുടെ അഞ്ച് കുട്ടികളും അടങ്ങുന്നതായിരുന്നു ഇവരുടെ കുടുംബം. ഇതിൽ ഹീനയുടെ മക്കളാണ് പാഖിയും പ്രാചിയും ആദ്യഭാര്യയായ സുജാതയുടെ മകളാണ് നിഷിക.
കൊറിയൻ ഗെയിമുകളോടും സംഗീതത്തോടുമുള്ള അമിത ആസക്തികുട്ടികൾ പ്രകടിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനിടെഫോണുകൾ പിടിച്ചുവാങ്ങിയതാണ് കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
ഗാസിയാബാദിലെ ഭാരത് സിറ്റിയിലെ മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിലാണ് കുടുംബം താമസിച്ചിരുന്നത്.എന്നാൽ 9അംഗ കുടുംബം ഉറങ്ങിയിരുന്നത് ഒരേ മുറിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഓഹരി വിപണിയിൽ സജീവമായ വ്യക്തിയായിരുന്നു പിതാവ്.ഇടക്കാലത്ത് ഒരു കോടി രൂപയുടെ നഷ്ടം നേരിട്ടതായി പറയുന്നു.
കുട്ടികളുടെ ഡയറി കുറിപ്പിൽ പിതാവിൽ നിന്നും മര്‍ദ്ദനം നേരിട്ടതായി സൂചനയുണ്ടായിരുന്നു. എന്നാൽ ഇത് കൊറിയൻ ഗെയിമുകളും ഡ്രാമയും ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദത്തിന് തുടര്‍ച്ചയായാണ് എന്നാണ് സൂചനയുണ്ടായിരുന്നത്. മൂന്നു വര്‍ഷമായി കുട്ടികളെ സ്കൂളിൽ അയച്ചിരുന്നില്ല എന്നും കണ്ടെത്തിയിരുന്നു. ഇത് ഗെയിം അഡിക്ഷൻ കാരണമുള്ള പഠന വിമുഖത എന്ന നിലയ്ക്കാണ് വിശദീകരിച്ചിരുന്നത്.
കുട്ടികളുടെ മരണത്തിന്15ദിവസം മുൻപാണ് കുട്ടികളുടെ ഫോൺ ചേതൻ വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെത്തി. ഫൊറൻസിക് പരിശോധനയ്ക്കായി പൊലീസ് ഇത് ലാബിലേക്ക് അയച്ചിട്ടുണ്ട്. 2018ൽ സുജാതയുടെയും ഹീനയുടെയും സഹോദരി വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ് സമാനരീതിയിൽ മരിച്ചിരുന്നു. അന്ന് മരണത്തെക്കുറിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളുടെ മരണം ആത്മഹത്യയായാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫോറൻസിക്, സൈബർ വിശകലന റിപ്പോർട്ടുകൾ ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.










0 comments