ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിച്ച അഗ്നിശമനസേന അംഗം ഷോക്കേറ്റ് മരിച്ചു

താനെ: മഹാരാഷ്ട്രയിൽ ഇലക്ട്രിക്ക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിച്ച അഗ്നിശമന സേന അംഗം ഉത്സവ് പാട്ടിൽ (28) ഷോക്കേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ദിവ–ഷിൽ റോഡിലെ ഖാർഡിഗാവിലെ സുദാമ റെസിഡൻസിക്ക് സമീപത്താണ് സംഭവം.
ടോറന്റ് പവർ കമ്പനിയുടെ ഓവർഹെഡ് വയറുകളിൽ പ്രാവ് കുടുങ്ങിയ വിവരം ലഭിച്ചതിനെ തുടർന്ന് അതിനെ രക്ഷിക്കാനെത്തിയതാണ് ഉത്സവ്. ഹൈടെൻഷൻ ഇലക്ട്രിക് കേബിളിൽ കൈ തട്ടി അഗ്നിശമനസേനയിലെ രണ്ട് അംഗങ്ങൾക്ക് വൈദ്യുതാഘാതമേറ്റിരുന്നു. ഇവരെ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ഉത്സവ് ആഘാതത്തിൽ മരിക്കുകയായിരുന്നു. കൂടെ ഷോക്കേറ്റ ഉദ്യോഗസ്ഥന്റെ കൈയിലും ദേഹത്തും പൊള്ളലുണ്ട്. വൈദ്യുതി വിതരണം വിച്ഛേദിക്കാൻ കമ്പനിയോട് ആവശ്യപ്പെടാതെ രക്ഷാപ്രവർത്തനം ആരംഭിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.
ഇത്രയും അപകടസാധ്യതയുള്ള ഒരു ദൗത്യം കൈകാര്യം ചെയ്യാൻ അഗ്നിശമന സേനയ്ക്ക് വേണ്ടത്ര പരിശീലനം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. രക്ഷാപ്രവർത്തനത്തിന് മുൻപ് കമ്പനിയെ വിവരമറിയിക്കാത്തതും അഗ്നിശമനസേനയുടെ പോരായ്മയായി പ്രദേശവാസികൾ ആരോപിച്ചു.










0 comments