ഡൽഹി രോഹിണിയിൽ കുടിലുകൾക്ക് തീ പിടിച്ചു; രണ്ടുവയസുകാരി ഉൾപ്പടെ മൂന്ന് മരണം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹി രോഹിണിയിലെ കുടിലുകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വയസുകാരി ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരണപ്പെട്ടത്. ഭാര്യയും ഭർത്താവും അവരുടെ രണ്ടര വയസ് പ്രായമുളള പെൺകുഞ്ഞുമാണ് മരിച്ചത്. തീ ആളിപ്പടർന്നതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാതെ വന്നതാണ് മൂവരുടെയും മരണത്തിന് ഇടയാക്കിയത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. വിവരം കിട്ടിയ ഉടൻ എത്തിയ ഫയർഫോഴ്സ് സംഘം മൂന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആക്രി പെറുക്കി വിൽക്കുന്ന സംഘങ്ങൾ കുടുംബത്തോടെ ജീവിച്ചിരുന്ന ഇടമാണ് രോഹിണി. അടുത്ത് അടുത്ത് വീടുകൾ ഉണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. നിമിഷ നേരംകൊണ്ട് മറ്റ് കുടിലുകളിലേയ്ക്കും തീ ആളിപ്പടരുകയായിരുന്നു.
നിരവധി കുടിലുകൾ കത്തിനശിച്ചു. നിലവിൽ തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടോ ആക്രി വസ്തുക്കളിൽ നിന്നുണ്ടായ തീയോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.










0 comments