പാലായിൽ എൽഡിഎഫ് പിന്തുണയിൽ സ്വതന്ത്ര ചെയർപേഴ്സൺ; യുഡിഎഫിന് തിരിച്ചടി

മായാ രാഹുൽ
പാലാ: പാലാ നഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅംഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ചേർന്ന കൗൺസിലിൽ 26ൽ 16 അംഗങ്ങളുടെ പിന്തുണ നേടിയാണ് മായ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി റിയാ ചീരാങ്കുഴിയ്ക്ക് 10 വോട്ട് മാത്രമാണ് നേടാനായത്. പാലാ വിദ്യാഭ്യാസ ജില്ലാ ഇന്‍ചാര്‍ജ് ഓഫീസര്‍ ജോളിമോള്‍ ഐസക് വണാധികാരിയായി.
യുഡിഎഫ്- സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിലെ ചെയർപേഴ്സണായിരുന്ന ദിയ ബിനുവിനെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. 26 അംഗ കൗൺസിലിൽ എൽഡിഎഫിന് 12 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിലെ മൂന്ന് വിമതരും മായയെ പിന്തുണച്ചു. യുഡിഎഫ്, സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിന് ഒൻപത് അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച ലിസിക്കുട്ടി മാത്യു വീണ്ടും യുഡിഎഫിലേക്ക് മാറിയെങ്കിലും മുന്നണിയുടെ ഭാഗമായി കോൺഗ്രസ് അംഗീകരിച്ചില്ല. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
യുഡിഎഫ്- സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിലെ അധികാര തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് അവിശ്വാസം പ്രമേയം കൊണ്ടുവന്നത്. നാല് കോണ്‍ഗ്രസ് അംഗങ്ങളും സ്വതന്ത്രയും അവിശ്വാസത്തെ പിന്തുണച്ചതോടെ പാസായി.










0 comments