ad
Deshabhimani

ലോകചാമ്പ്യന്മാരെ വിറപ്പിച്ച നീല സ്രാവുകൾ ഇന്ത്യയിലേക്ക്; സൗഹൃദ മത്സരം കളിക്കും

cape verde .jpg
വെബ് ഡെസ്ക്

Published on Aug 19, 2026, 12:07 PM | 1 min read

ന്യൂഡൽഹി: ഫിഫ ലോകകപ്പിൽ ലോകചാമ്പ്യന്മാരെ വിറപ്പിച്ച കേപ് വെർദെ ഇന്ത്യയിൽ പന്തുതട്ടാനെത്തുന്നു. സെപ്തംബർ അവസാനം ഇന്ത്യയുമായി കേപ് വെർദെ സൗഹൃദമത്സരം കളിച്ചേക്കുമെന്നാണ് വിവരം. ബ്രസീൽ ടീമിന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് നീല സ്രാവുകൾ രാജ്യത്തെത്തുന്നത്. ഒക്‌ടോബർ മൂന്നിന്‌ കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിലാണ്‌ ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടുന്നത്.


ആദ്യ ലോകകപ്പിൽ തന്നെ ആരാധകരെ ഞെട്ടിച്ച ടീമാണ് കേപ് വെർദെ. മുൻ ലോകചാമ്പ്യന്മാരായ സ്‌പെയ്‌നെയും ഉറുഗ്വായ്‌യെയും ഏഷ്യൻ ശക്തികളായ സ‍ൗദി അറേബ്യയെയും സമനിലയിൽ തളച്ച ടീം റൗണ്ട് 32ൽ നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. അർജന്റീനയോട് 3-2ന് തോറ്റെങ്കിലും, ലോകത്തിന്റെ മുഴുവൻ കൈയടികളുമായാണ് സംഘം കളംവിട്ടത്.


നാൽപ്പതുകാരനായ വൊസീന്യയുടെ കരുത്തുറ്റ കൈകളാണ് കുഞ്ഞൻ രാജ്യത്തെ കാത്തത്. പോർച്ചുഗൽ രണ്ടാം ഡിവിഷൻ ക്ലബായ ഷാവേസിന്റെ താരമായ നാൽപ്പതുകാരന്റെ മികവ് ഫുട്ബോൾ ആരാധകർ ഏറ്റെടുത്തു. ​കളികളിൽ മുന്നേറ്റക്കാർ കേപ്‌ വെർദെയുടെ പ്രതിരോധം തകർത്തപ്പോഴെല്ലാം വൊസീന്യ കോട്ടകെട്ടി നെഞ്ചുവിരിച്ച്‌ നിന്നു. ഗോളെന്നുറച്ച നിമിഷങ്ങളിൽ രക്ഷകനായി. പലപ്പോഴും മത്സരങ്ങൾ എതിരാളികളും വൊസീന്യയും തമ്മിലുള്ള പോരാട്ടമായി. ലോകകപ്പിലെ നാല് മത്സരങ്ങളിൽ നിന്നായി 18 സേവുകളാണ് താരം നടത്തിയത്.


യോഗ്യതാ റൗണ്ടിൽ കരുത്തരായ കാമറൂണിനെ അട്ടിമറിച്ച് ഗ്രൂപ്പിൽ ഒന്നാമന്മാരായാണ് കേപ് വെർദെ തങ്ങളുടെ ചരിത്രപരമായ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്‌. 2018 ലോകകപ്പ്‌ കളിച്ച ഐസ്‌ലൻഡാണ്‌ ഏറ്റവും ചെറുത്‌. അറ്റ്‌ലാന്റിക്‌ സമുദ്രത്തിൽ അഗ്‌നിപർവതങ്ങൾ നിറഞ്ഞ പത്ത്‌ ദ്വീപുകൾ ഉൾപ്പെട്ടതാണ്‌ കേപ്‌ വെർദെ എന്ന രാജ്യം. 5,25,000ആണ്‌ ജനസംഖ്യ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home