ചാറ്റ്ജിപിടി ടീൻസ് മോഡ്; കൗമാരക്കാർക്കായി പുതിയ പതിപ്പ് പുറത്തിറക്കി ഓപ്പൺ എഐ

സാൻ ഫ്രാൻസിസ്കോ : കൗമാരക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ചാറ്റ്ജിപിടി ടീൻസ് മോഡ് പുറത്തിറക്കി ഓപ്പൺ എഐ. 13 മുതൽ 17 വയസുള്ള കുട്ടികൾക്കായാണ് പ്രധാനമായും ടീൻസ് മോഡ് എന്ന പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. കൗമാരക്കാരായ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ, ലൈംഗികതയെക്കുറിച്ചുള്ള സംഭാഷണങ്ങൾ തുടങ്ങിയവയിൽ കർശന സുരക്ഷയുറപ്പാക്കുകയെന്നതാണ് ലക്ഷ്യം.
കൗമാരക്കാർക്ക് അനുയോജ്യമല്ലാത്ത വിവരങ്ങൾ ലഭിക്കുന്നത് തടയാൻ പുതിയ പതിപ്പിൽ നൂതനമായ ഫിൽറ്ററുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് യോജിക്കുന്ന രീതിയിൽ എഐ പ്രതികരിക്കുന്ന തരത്തിലാണ് പുതിയ പതിപ്പ് ക്രമീകരിച്ചിട്ടുള്ളത്. കുട്ടികളെ പഠനത്തിന് സഹായിക്കുന്ന സംവിധാനവും ഇതിലുണ്ട്. നേരിട്ട് ഉത്തരങ്ങൾ നൽകാതെ കുട്ടികളെക്കൊണ്ട് ചിന്തിപ്പിച്ച് സ്വയം ഉത്തരത്തിലെത്താൻ സഹായിക്കുക എന്ന രീതിയിലാണ് രൂപകൽപ്പന.
ചാറ്റ്ജിപിയുടെ അധിക ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുന്നുവെന്ന ചർച്ചകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഓപ്പൺ എഐയുടെ പുതിയ ചുവടുവെയ്പ്പ്. ആഗസ്ത് 19 മുതൽ പുതിയ മോഡ് ആഗോളതലത്തിൽ ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്.










0 comments