ഇടതുപക്ഷ, സിജെപി പ്രക്ഷോഭങ്ങളിൽ നിന്ന് വിദ്യാർഥികളെ അകറ്റിനിർത്താൻ തമിഴ്‌നാട് സർക്കാർ നിർദ്ദേശം

ചെന്നൈ: ഇടതുപക്ഷ സംഘടനകളും കോക്രോച് ജനതാപാർടിയും (സിജെപി) നടത്തുന്ന പ്രക്ഷോഭങ്ങളിൽ വിദ്യാർഥികളും യുവജനങ്ങളും പങ്കെടുക്കുന്നത് വിലക്കി തമിഴ്‌നാട് സർക്കാർ. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ തരണകൂടങ്ങൾ എന്നിവർക്ക് കോളേജിയേറ്റ് എജുക്കേഷൻ വകുപ്പാണ് നിർദ്ദേശം നൽകിയത്. വിദ്യാർഥികളും യുവജനങ്ങളും സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾക്കുള്ള നിർദ്ദേശം. ഇൗ വിഷയത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പിന്തുണയിൽ അധികാരമേറിയ വിജയ് സർക്കാരിൽ നിന്ന് ഇത്തരമൊരുനീക്കം അപ്രതീക്ഷിതമാണ്. പ്രക്ഷോഭങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ അതേ വഴിയിലാണ് തമിഴ്‌നാട് സർക്കാരുമെന്ന് തെളിയിക്കുന്ന നടപടിയാണിത്. വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥക്കെതിരെ രാജ്യമെങ്ങും വലിയ പ്രതിഷേധം ഉയരുകയാണ്. സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് വലിയ പ്രതിസന്ധികൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്. അതുകൊണ്ട് തന്നെ പ്രതിഷേധം ഇവിടേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.അതു മുന്നിൽക്കണ്ടാണ് ഇപ്പോൾ പ്രക്ഷോഭത്തിനെതിരായ നടപടി. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന വിജയ് സർക്കാരിന്റെ മറ്റൊരു മുഖമാണ് ഇതിലൂടെ വെളിപ്പെട്ടത്.










0 comments