ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗർഭിണികളെ തിരിച്ചയച്ചു

തിരൂരങ്ങാടി: ഗൈനക്കോളജിസ്റ്റില്ലാത്തതിനാൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തുന്ന ഗർഭിണികൾ ദുരിതത്തിൽ. ഡോക്ടർമാരില്ലെന്നറിഞ്ഞിട്ടും ഒപി വിഭാഗത്തിൽനിന്ന് ടോക്കൺ നൽകിയതോടെ ഡോക്ടറെ കാണാനെത്തിയ ഗർഭിണികൾ മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തുനിന്നു. ഇവരെ പിന്നീട് തിരിച്ചയച്ചു.
കഴിഞ്ഞ ദിവസവും ഗർഭിണികൾക്ക് ഡോക്ടറെ കാണാതെ മടങ്ങേണ്ടി വന്നിരുന്നു. ഇവർ ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലെത്തി പ്രതിഷേധിച്ചിട്ടും ഇതുവരെയും പരിഹാരമായില്ല. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നതിനായി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. അജിത് ഖാൻ റഫറൽ നൽകുകയാണ് ചെയ്തത്. പ്രസവത്തിനും ശസ്ത്രക്രിയയ്ക്കും തീയതി നിശ്ചയിച്ചിരുന്നവരോട് പെട്ടെന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ നിർദേശിച്ചത് വലിയ പ്രയാസമുണ്ടാക്കിയതായി പ്രതിഷേധക്കാർ പറഞ്ഞു.
ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തതിനാൽ മറ്റു വിഭാഗങ്ങളിലെ ഡോക്ടർമാർക്കും ഇവരെ ആവശ്യമായ രീതിയിൽ ചികിത്സിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഡോക്ടർമാരില്ലെന്ന വിവരം മറച്ചുവച്ച് ഓൺലൈൻ സംവിധാനത്തിൽ ഗൈനക്കോളജി വിഭാഗത്തിലേക്ക് ബുക്കിങ് നടക്കുന്നുണ്ട്. ഇതുമൂലം ദിവസവും നിരവധി ഗർഭിണികൾ ആശുപത്രിയിലെത്തി തിരിച്ചുപോകുകയാണ്.
നിലവിൽ ആശുപത്രിയിലുണ്ടായിരുന്ന മൂന്ന് ഗൈനക്കോളജിസ്റ്റുകളിൽ ഒരാൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് അവധിയിലാണ്. മറ്റൊരു ഡോക്ടർ നീണ്ട അവധിക്ക് അപേക്ഷ നൽകി ജോലിക്ക് വരുന്നുമില്ല. ഇവർ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നതായാണ് സൂചന. ഈ അവധിസംബന്ധിച്ച നടപടികൾ പൂർത്തിയാകാത്തതിനാൽ പകരം നിയമനം നടത്താനായിട്ടുമില്ല. മൂന്നാമത്തെ ഡോക്ടറെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റിയെങ്കിലും പകരം ഡോക്ടറെ നിയമിച്ചില്ല.
ഗൈനക്കോളജി വിഭാഗത്തിൽ അടിയന്തരമായി ഡോക്ടർമാരെ നിയമിച്ച് ചികിത്സ ഉറപ്പാക്കണമെന്നും സ്ഥിരം നിയമനം സാധ്യമാകുന്നതുവരെ താൽക്കാലിക/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ഗൈനക്കോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും സിപിഐ എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.









0 comments