സയൻസ് ഉപരിപഠനത്തിന് ജാം 2027

പി കെ അന്വര് മുട്ടാഞ്ചേരി
Published on Aug 19, 2026, 11:22 AM | 2 min read
ഐഐടികൾ, എൻഐടികൾ, ഐഐഎസ്‌സി അടക്കമുള്ള ശ്രദ്ധേയ സ്ഥാപനങ്ങളിൽ സയൻസ് ഉപരിപഠനത്തിന് അവസരമൊരുക്കുന്ന പ്രവേശനപരീക്ഷയാണ് -ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM2027). ഫെബ്രുവരി 14ന് രണ്ട് സെഷനുകളായാണ് പരീക്ഷ. അഡ്മിറ്റ് കാർഡ് ജനുവരി ആദ്യം വെബ്സൈറ്റിൽ ലഭ്യമാകും. മാർച്ച് 18ന് ഫലമറിയാം. ഐഐടി ഖരക്പുരിനാണ് പരീക്ഷാചുമതല.
പ്രോഗ്രാമുകൾ
എംഎസ്‌സി, എംഎസ്‌സി (ടെക്), എംഎസ് (റിസർച്ച്), എംഎസ്‌സി -എംടെക് ഡ്യുവൽ ഡിഗ്രി, ജോയിന്റ് എംഎസ്‌സി - പിഎച്ച്ഡി, എംഎസ്‌സി പിഎച്ച്ഡി ഡ്യുവൽ ഡിഗ്രി എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനാണ് ജാം സ്കോർ പരിഗണിക്കുന്നത്.
മൂവായിരത്തോളം സീറ്റുകൾ
ബോംബെ, ഡൽഹി, ഭിലായി, ഭുവനേശ്വർ, ധൻബാദ്, ഗാന്ധിനഗർ, ഗുവാഹത്തി, ധാർവാഡ്, ഗോവ, ഹൈദരാബാദ്, ഇൻഡോർ, ജമ്മു, ജോധ്പുർ, കാൺപുർ, ഖരഗ്പുർ, മദ്രാസ്, മാണ്ഡി, പാലക്കാട്, പട്ന, റൂർഖി, റോപ്പർ, തിരുപ്പതി, വാരാണസി എന്നീ 23 ഐഐടികളിൽ 89 പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലായി മൂവായിരത്തോളം സീറ്റുകളുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിലെ വിവിധ പിജി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനും ജാം സ്കോർ പരിഗണിക്കും. ഐസറുകൾ (ഭോപാൽ, പുണെ), എൻഐടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി വിശാഖപട്ടണം, ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് ബാംഗ്ലൂർ, ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജി പുണെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്‌നോളജി ശിവ്പുർ, സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി പഞ്ചാബ് തുടങ്ങിയ മുപ്പതോളം സ്ഥാപനങ്ങളിലെ വിവിധ പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനും ജാം സ്കോർ പരിഗണിക്കാറുണ്ട്. ‘ജാം’ റിസൾട്ട് വന്നതിനുശേഷം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ അലോട്ട്മെന്റ് രീതി മനസ്സിലാക്കി അപേക്ഷ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രവേശനയോഗ്യത
ബിരുദധാരികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിന് ബിരുദ പ്രോഗ്രാമിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, ജാമിൽ എഴുതേണ്ട വിഷയങ്ങൾ തുടങ്ങിയ വിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രോഷർ ഉടൻ വെബ്സൈറ്റിൽ ലഭ്യമാകും. എത്രതവണ വേണമെങ്കിലും ജാം എഴുതാം. പ്രായപരിധിയില്ല.
ഏഴ് വിഷയങ്ങൾ
ബയോടെക്‌നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ ഏഴ് വിഷയങ്ങളിലാണ് പ്രവേശനപരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. രണ്ട് സെഷനുകളുണ്ട്. കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ് എന്നിവ രാവിലെയും ബയോടെക്‌നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നിവ ഉച്ചയ്ക്കുശേഷവും. എല്ലാം മൂന്നുമണിക്കൂർ പരീക്ഷകൾ. ഭിന്നശേഷിക്കാർക്ക് ഒരുമണിക്കൂർ അധികസമയം ലഭിക്കും.
മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് എന്നിങ്ങനെ മൂന്നുതരം ചോദ്യങ്ങളുണ്ടാകും. ഒരു വിദ്യാർഥിക്ക് ഒന്നോ രണ്ടോ പേപ്പറുകൾ എഴുതാം. ഒന്നിച്ച് അപേക്ഷിച്ചാൽ മതി. വിദ്യാർഥി പൂർത്തിയാക്കിയ ബിരുദം, ചേരാനാഗ്രഹിക്കുന്ന പ്രോഗ്രാമിന്റെ യോഗ്യത തുടങ്ങിയവ പരിഗണിച്ചാണ് പേപ്പറുകൾ തെരഞ്ഞെടുക്കേണ്ടത്. മുൻവർഷങ്ങളിലെ ചോദ്യങ്ങളും മോക്ക് ടെസ്റ്റും വെബ്സൈറ്റിൽ ലഭ്യമാകും.
പരീക്ഷാകേന്ദ്രങ്ങൾ
വിവിധ സോണുകളിലായി നിരവധി പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ഐഐഎസ്‌സി ബാംഗ്ലൂർ സോണിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, പയ്യന്നൂർ, തൃശൂർ, വടകര എന്നിവയും ഐഐടി മദ്രാസ് സോണിൽ ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളുമുണ്ട്. ഒരേ സോണിലെ മൂന്നു പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തെരഞ്ഞെടുക്കാം. വിദേശത്ത് കേന്ദ്രങ്ങളില്ല.
അപേക്ഷ സെപ്‌തംബർ 5 മുതൽ
ആഗസ്ത് 22ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. സെപ്തംബർ അഞ്ചുമുതൽ ഒക്ടോബർ 12 വരെ ഓൺലൈനിൽ അപേക്ഷ നൽകാം. വിവരങ്ങൾക്ക്: jam.ii tkgp.ac.in










0 comments