ad
Deshabhimani

ഓണത്തിന് നാടണയാൻ കൊള്ളനിരക്ക്; മറുനാടൻ മലയാളികളെ പിഴിഞ്ഞ് സ്വകാര്യ ബസ് ലോബി

onam bus

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Aug 19, 2026, 11:44 AM | 1 min read

തിരുവനന്തപുരം: ഓണത്തിന് കേരളത്തിലേക്ക് എത്താൻ ആ​ഗ്രഹിക്കുന്ന മറുനാടൻ മലയാളികളുടെ പോക്കറ്റടിച്ച് സ്വകാര്യ അന്തർസംസ്ഥാന ബസ് ലോബികൾ. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയാക്കി വർധിപ്പിക്കുന്നത്. ഓണ സീസണിൽ കടുത്ത പകൽകൊള്ളയാണ് സ്വകാര്യ ഓപ്പറേറ്റർമാർ നടത്തുന്നത്.


സാധാരണക്കാർക്ക് ഏക ആശ്വാസമാകേണ്ട കെഎസ്ആർടിസിയിൽ ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും 900 മുതൽ 1600 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. എന്നാൽ ആവശ്യത്തിന് ബസുകളില്ലാത്തതിനാൽ ഇത്തവണ അധിക സർവീസുകൾ ആവശ്യത്തിന് നടത്താൻ കെഎസ്ആർടിസി തയ്യാറാകുന്നില്ല. മൈസൂരു, ചെന്നൈ റൂട്ടുകളിലും കെഎസ്ആർടിസി സർവീസുകളുടെ പരിമിതി കാരണം മലയാളി യാത്രക്കാർ സ്വകാര്യ ലോബിയുടെ ചൂഷണത്തിലേക്ക് തള്ളപ്പെടുകയാണ്.


യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്ക് കുത്തനേ ഉയർത്തുകയാണ് സ്വകാര്യ കമ്പനികൾ. ബംഗളൂരു - തിരുവനന്തപുരം റൂട്ടിൽ സാധാരണ ദിവസങ്ങളിൽ 1800 - 2000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 4800 - 5000 രൂപയായി ഉയർന്നു. ഓണം അടുത്ത ആഴ്ച ആയതിനാൽ തിരുവോണത്തിന്റഎ അന്നും ഉത്രാടത്തിന്റെ അന്നുമൊക്കെ നിരക്ക് 6000 രൂപ കടക്കാനുള്ള സാധ്യതയുണ്ട്.


ചെന്നൈ - തിരുവനന്തപുരം റൂട്ടിൽ സാധാരണ നിരക്ക് 1600 - 1800 രൂപയായിരുന്നത് ഇപ്പോൾ 4600-4800 രൂപയിലെത്തി നിൽക്കുന്നു. ഒരാഴ്ച കൂടി കഴിയുന്നതോടെ നിരക്ക് കൈപ്പിടിയിൽ ഒതുങ്ങാത്ത അവസ്ഥയിലേക്ക് വർധിക്കും. മുൻവർഷത്തെ ഓണക്കാലത്ത് രേഖപ്പെടുത്തിയ പരമാവധി നിരക്കായ 5300 രൂപ ഇത്തവണ ആദ്യമേ തന്നെ മറികടക്കുന്ന സാഹചര്യമാണ്.


വിദ്യാർഥികളും ഐടി ജീവനക്കാരും കൂടുതലായി ആശ്രയിക്കുന്ന മൈസൂരു റൂട്ടിലും ടിക്കറ്റ് നിരക്കുകൾ സാധാരണക്കാരുടെ കൈയെത്താ ദൂരത്താണ്. ഓൺലൈൻ ബുക്കിങ് പോർട്ടലുകളിൽ എൻക്വയറികൾ വർധിക്കുന്ന മുറയ്ക്ക് നിരക്ക് വർധിപ്പിക്കുകയാണ് സ്വകാര്യ ഏജൻസികൾ.

കൃത്യമായ നിയന്ത്രണമില്ലാത്തതാണ് ഇവർക്ക് തന്നിഷ്ടപ്രകാരം നിരക്ക് വർധിപ്പിക്കാൻ അവസരമൊരുക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home