രാഹുൽ ഗാന്ധിക്കെതിരെ അസമിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ദിസ്‌പുർ : ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരെ ഗുവാഹത്തിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ 152, 197(1) വകുപ്പുകൾ പ്രകാരം ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും അപകടപ്പെടുത്തുന്ന പ്രവർത്തികളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ചാണ് അസം ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസ് കേസെടുത്തിരിക്കുന്നത്.
15ന് ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാസ്പദം. ബിജെപിയും ആർഎസ്‌എസും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും കൈയടക്കിയതായും ഇവർക്കെതിരെ പോരാടുമ്പോൾ ഇന്ത്യൻ ഭരണത്തിനെതിരെ പോരാടേണ്ടി വരുന്നതായും രാഹുൽ പറഞ്ഞിരുന്നു. മോഞ്ജിത് ചേട്ടിയ എന്നയാളാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പരാതി.








0 comments