ad
Deshabhimani

വിധിയെഴുതുന്നത് 142 മണ്ഡലങ്ങളിൽ; ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, കനത്ത സുരക്ഷ

gujarat local elections

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 29, 2026, 08:20 AM | 1 min read

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 40,000 ബൂത്തുകളിൽ 12,000 ബൂത്തുകളും പ്രശ്‌നബാധിതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ രണ്ടര ലക്ഷം കേന്ദ്രസേന ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എട്ട് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.


വോട്ടെടുപ്പിന് മുന്നോടിയായി അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വിപുലമായ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രശ്‌നക്കാരെന്ന് സംശയിക്കുന്ന 2500 ഓളം പേരെ പോലീസ് കരുതൽ തടങ്കലിലാക്കി. ബൂത്തുകളിലും പരിസരങ്ങളിലും കേന്ദ്രസേനയുടെ നിരന്തര നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.


പശ്‌ചിമ ബംഗാളിൽ 142 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുന്നത്. ദക്ഷിണ ബംഗാളിലെ ഏഴു ജില്ലകളിൽ നടക്കുന്ന വോട്ടെടുപ്പിൽ 3.21 കോടി പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. 1448 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇടതുമുന്നണി, തൃണമൂൽ കോൺഗ്രസ്‌, ബിജെപി കക്ഷികൾ തമ്മിലാണ് മുഖ്യപോരാട്ടം. കോൺഗ്രസിന്‌ എല്ലായിടത്തും സ്ഥാനാർഥികളുണ്ടെങ്കിലും മത്സരം കാഴ്‌ചവയ്‌ക്കുന്നത്‌ ചിലയിടത്തുമാത്രം. കേരളം, ബംഗാൾ, അസം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലെ എക്‌സിറ്റ്‌ പോൾ ഫലങ്ങൾ ബുധനാഴ്‌ച പുറത്തുവരും. മെയ്‌ നാലിനാണ്‌ വോട്ടെണ്ണൽ.


ബംഗാളിൽ പലയിടങ്ങളിലും വ്യാപക അക്രമമുണ്ടായി. ഉത്തര 24 പർഗാനാസ് ജില്ലയിലെ പാനിഹട്ടിൽ നാല്‌ സിപിഐ എം പ്രവർത്തകരെ ബിജെപിക്കാർ അക്രമിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് സിപിഐ എം സ്ഥാനാർഥി കലാതൻ ദാസ് ഗുപ്തയുടെ നേതൃത്വത്തിൽ പാനിഹട്ടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകി. നിരവധി സ്ഥലങ്ങളിൽ തൃണമൂൽ, ബിജെപി പ്രവർത്തകർ എറ്റുമുട്ടി. ബംഗാളിൽ വോട്ടെടുപ്പ്‌ പൂർത്തിയായി 60 ദിവസത്തേക്കുകൂടി കേന്ദ്രസേന തുടരുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home