എഫ്‌സിആർഎ ബിൽ ജെപിസിക്ക് വിട്ടു

ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിനിടെ എഫ്സിആർഎ ഭേദഗതി ബിൽ അവതരിപ്പിച്ച് സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. പ്രമേയം അവതരിപ്പിച്ച് ശബ്ദവോട്ടോടെയാണ് ജെപിസിക്ക് വിട്ടത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ജെപിസിക്ക് ബിൽ വിടുന്നതിനെയും പ്രതിപക്ഷം എതിർത്തെങ്കിലും അംഗീകരിച്ചില്ല. 31 അംഗ ജെപിസി ഇതിനായി രൂപീകരിക്കും. 21 പേർ ലോക്സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നും ഉണ്ടാകും.
ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം വ്യാപകപ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതല്ലെന്നും എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടിയുള്ള ബില്ലാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വാദിച്ചു. എതിര്‍പ്പുള്ളവര്‍ ജെപിസിയെ അറിയിച്ചാല്‍ മതിയെന്നും റിജിജു പറഞ്ഞു.
വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ ബില്ലിന്റെ കാര്യത്തിൽ പ്രതിപക്ഷവുമായി സമവായത്തിലെത്താൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രതിഷേധം വകവയ്ക്കാതെ ഇരുസഭകളിലും ബിൽ അവതരിപ്പിച്ച് ജെപിസിക്ക് വിടുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് മന്ത്രി എത്തിയില്ല.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ചട്ടങ്ങൾ ഭേദഗതി വരുത്തി ജൂലൈ 22നാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. പുതിയ വിജ്ഞാപനപ്രകാരം കേന്ദ്രം നിർദേശിച്ചിട്ടുള്ള ഉദ്ദേശ്യങ്ങളുടെ പട്ടികയിൽ നിന്ന് മാത്രമേ ഇനി വിദേശ സംഭാവന സ്വീകരിക്കാൻ സാധിക്കുകയുള്ളു. മാർച്ചിൽ ലോക്‌സഭയിൽ കേന്ദ്രമന്ത്രി നിത്യാനന്ദ റായ് ആണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ അവതരിപ്പിച്ചത്. ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റിൽ ഇടതുപക്ഷ എംപിമാരടക്കമുള്ള പ്രതിപക്ഷ എംപിമാർ പലതവണ പ്രതിഷേധിച്ചെങ്കിലും കണക്കിലെടുക്കാതെ കേന്ദ്രം ഏകപക്ഷീയമായി മുന്നോട്ട് പോവുകയായിരുന്നു.










0 comments