ad
Deshabhimani

print edition ഉത്തരമെവിടെ? രാജിവച്ചേ തീരൂ: തെരഞ്ഞെടുപ്പ്‌ കമീഷന്റെ 
പ്രസ്‌താവന തള്ളി സിപിഐ എം

cec gyanesh kumar.png
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2026, 04:31 AM | 1 min read

ന്യൂഡൽഹി : വിവാദങ്ങൾക്കിടെ തടിയൂരാന്‍ തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്തിറക്കിയ പ്രസ്‌താവന തള്ളി സിപിഐ എം പൊളിറ്റ്‌ബ്യൂറോ. കമീഷന്റെ പ്രവർത്തനത്തെക്കുറിച്ചും വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന സംബന്ധിച്ചുമുള്ള വെളിപ്പെടുത്തലുകൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക്‌ കമീഷൻ ഉത്തരം നൽകുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ രാജിവച്ചേതീരൂവെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു. പുതിയ വോട്ടർമാരെ എങ്ങനെ ചേർക്കുന്നു, പേരുകൾ എങ്ങനെ ഇല്ലാതാക്കി, തെരഞ്ഞെടുപ്പ് വിവര ശേഖരത്തിലേക്കുള്ള പ്രവേശനം എങ്ങനെ കേന്ദ്രീകൃതമാക്കി, ഫോം–6ലെ നിയമവിരുദ്ധ മാറ്റങ്ങൾ ഉൾപ്പെടെ നടപടിക്രമങ്ങൾ എങ്ങനെ മാറ്റി എന്നതിനെക്കുറിച്ച് സഹ കമീഷണർമാർ ആവർത്തിച്ച് ആശങ്ക ഉന്നയിച്ചതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തിരുന്നു.

​രാജ്യമാകെ നിർബന്ധമായി അടിച്ചേൽപ്പിച്ച എസ്ഐആർ നടപടിക്രമങ്ങളിൽനിന്നാണ്‌ പ്രതിക്ഷത്തിന്റെയും പ‍ൗരസംഘടനകളുടെയും ആശങ്ക പ്രധാനമായും ഉയർന്നത്‌. കമീഷനിൽനിന്ന്‌ തന്നെയുണ്ടായ വെളിപ്പെടുത്തൽ ഇ‍ൗ ആശങ്കകളെ ബലപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ്‌ സംവിധാനം സുതാര്യമായും നിയമപ്രകാരവും ഉള്ളതാണോ, അർഹരായ വോട്ടർമാരെ അന്യായമായി ഒഴിവാക്കുന്നത് തടയാന്‍ മതിയായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടോ എന്നിവയാണ്‌ പ്രധാന ചോദ്യങ്ങൾ. ​ ഗൗരവതരമായ ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാനോ നിഷേധിക്കാനോ കമീഷൻ തയ്യാറാകുന്നില്ല.

സർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമായ നടപടികൾ മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങളുടെ ഉത്തരവാദിത്വം ആർക്കാണെന്നും പരാമർശിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഗ്യാനേഷ്‌ കുമാർ ഉടൻ രാജിവയ്‌ക്കണം. അതിന് തയ്യാറല്ലെങ്കിൽ ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ ഇംപീച്ച്‌മെന്റ്‌ നടപടിയാരംഭിക്കണം. എസ്‌ഐആർ നിർത്തണം. കേരളത്തിൽ നിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പുതിയ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ ഗ്യാനേഷ്‌കു മാർ പദവിയിൽ തുടരരുതെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home