print edition എഫ്‌സിആർഎ ഭേദഗതി ബിൽ; പൊതുജന അഭിപ്രായശേഖരണ സമയം നീട്ടണം


സ്വന്തം ലേഖകൻ
Published on Sep 30, 2026, 12:19 AM | 1 min read
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതി (ജെപിസി) പൊതുസമൂഹത്തിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും എതിർപ്പുകളും സ്വീകരിക്കുന്നതിനുള്ള കാലാവധി നീട്ടണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങൾ. നിലവിൽ പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കാൻ ഏഴ് ദിവസമാണ് നിശ്‌ചയിച്ചിട്ടുള്ളത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നാലാഴ്‌ചയെങ്കിലും വേണമെന്നാണ് ജെപിസിയിലെ പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. ഒക്ടോബർ 12ന് ചേരാനിരിക്കുന്ന സമിതിയുടെ അടുത്ത യോഗം മാറ്റിവെക്കണമെന്നും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.
വിവിധ മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങൾ സമിതി ഇതിനോടകം കേട്ടു. എസ്‌ബിഐ ചെയർമാൻ ചല്ല ശ്രീനിവാസുലു ഷെട്ടി, അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ, പ്രമുഖ നിയമസ്ഥാപനമായ എഇസെഡ്‌ബി പാർട്ണേഴ്‌സിലെ കൗൺസലായ ഗുർസിമ്രാൻ കോഹ്‌ലി, സുപ്രീംകോടതി അഭിഭാഷകൻ തുഷാർ നായർ തുടങ്ങിയവരുടെ അഭിപ്രായങ്ങളാണ് 31 അംഗ ജെപിസി പരിഗണിച്ചത്.








0 comments