print edition എഫ്‌സിആർഎ ബിൽ; ബിജെപിയുടെ പിന്മാറ്റം വോട്ടെടുപ്പ് കഴിയുംവരെ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ന്യൂനപക്ഷങ്ങളുടെയും പൗരാവകാശ സംഘടനകളുടെയും സ്ഥാപനങ്ങളും ആസ്തിയും പിടിച്ചെടുക്കാൻ വഴിയൊരുക്കുന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്‌സിആർഎ ബിൽ) കേന്ദ്രസർക്കാർ പിൻവലിക്കില്ല. പകരം കേരളത്തിലെ വോട്ടെടുപ്പ് കഴിയുംവരെ പിടിച്ചുവയ്‌ക്കും. ആസ്‌തി പിടിച്ചെടുക്കുന്ന വിവാദ വ്യവസ്ഥകളടക്കം ഒന്നിലും മാറ്റംവരുത്താതെ ഏപ്രിൽ 16 മുതൽ മൂന്നുദിവസത്തേക്കുകൂടി നീട്ടിയ പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം.
33 ശതമാനം സീറ്റ് സ്‌ത്രീകൾക്ക് സംവരണം ചെയ്യുന്ന 2023ലെ ഭേദഗതി ബിൽ, ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ എന്നിവയാണ് പ്രത്യേക സമ്മേളനത്തിലെ പ്രധാന അജൻഡയെന്ന് കേന്ദ്രസർക്കാർ സൂചിപ്പിച്ചിരുന്നു. ഇവയ്‌ക്കൊപ്പം എഫ്‌സിആർഎ ബില്ലും പാസാക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്.
ക്രൈസ്‌തവ സഭകളെ ഭീഷണിപ്പെടുത്തി വിധേയരാക്കി നിർത്താനുള്ള ബിജെപിയുടെ രാഷ്‌ട്രീയ പദ്ധതിയാണ് എഫ്‌സിആർഎ ബില്ലെന്ന വിമര്‍ശം ശക്തമാണ്. സഭകളും പ്രതിപക്ഷവും വൻ പ്രതിഷേധമുയർത്തിയതോടെ കേരളത്തിൽ തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്നാണ് നേരത്തെ ബിൽ ലോക്‍സഭയിൽ പാസാക്കാനുള്ള നീക്കത്തിൽനിന്ന് തൽക്കാലം ബിജെപി പിൻമാറിയത്. സിപിഐ എം, സിപിഐ, ഡിഎംകെ അടക്കമുള്ള പ്രധാന പ്രതിപക്ഷ പാർടികൾ നിലപാട് കടുപ്പിച്ചതോടെയാണ് തുടക്കത്തിൽ ബില്ലിനെതിരെ മൗനം പാലിച്ച കോൺഗ്രസ് എതിര്‍പ്പ് പരസ്യമാക്കിയത്. ഇന്ദിര ഗാന്ധി സർക്കാർ കൊണ്ടുവരികയും യുപിഎ സർക്കാർ വീണ്ടും കർക്കശമാക്കുകയും ചെയ്‌ത നിയമമാണ് മോദി സർക്കാർ ആയുധമാക്കിയത്.










0 comments