പതിനേഴുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്ന് പിതാവ്; മൃതദേഹം പിന്നീട് കാട്ടിൽ കുഴിച്ചിട്ടു

ബംഗളൂരു: കർണാടകയിൽ ഒരു മാസത്തിലേറെയായി കാണാതായ 17 വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം പിതാവ് തന്നെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. തുമകുരു ജില്ലയിലെ ഷിര താലൂക്കിലുള്ള നിംബെമരദഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന മേഘന എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
വിവാഹത്തെച്ചൊല്ലി കുടുംബത്തിലുണ്ടായ നിരന്തരമായ തർക്കങ്ങൾക്കൊടുവിൽ പിതാവായ തിമ്മരായപ്പയാണ് മകളെ കൊലപ്പെടുത്തിയത്. ഇതിനുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 16-നാണ് മേഘനയെ കാണാതാകുന്നത്. കൂലിവേലക്ക് പോയിരുന്ന അമ്മ നിർമ്മല വൈകുന്നേരം 6:30 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ കാണാനില്ലെന്ന് മനസ്സിലാക്കുന്നത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നിയ നിർമ്മല പൊലീസിൽ പരാതി നൽകുകയായിരുന്നു.
മേഘനയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ കുറച്ചുകാലമായി കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. മേഘനയ്ക്ക് 18 വയസ്സ് തികയുമ്പോൾ ഒരു ബന്ധുവിന്റെ മകനുമായി വിവാഹം നടത്താൻ നിർമ്മലയും കുടുംബവും നിശ്ചയിച്ചിരുന്നു. ഇതിനായി വരന്റെ വീട്ടുകാർ വിവാഹസാരിയും മംഗലസൂത്രവും വരെ വാങ്ങിയിരുന്നു.
എന്നാൽ, ഭാര്യയുടെ ബന്ധുക്കളുടെ കൂടെ മകളുടെ വിവാഹം നടത്തുന്നതിനെ തിമ്മരായപ്പ ശക്തമായി എതിർത്തു. കഴിഞ്ഞ നാലഞ്ച് മാസമായി ഇതേച്ചൊല്ലി വീട്ടിൽ നിരന്തരമായി വഴക്കുകൾ നടന്നിരുന്നു. അത്തരത്തില്‍ തർക്കം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് മേഘനയെ കാണാതാകുന്നത്. ഇതിന് പിന്നാലെ തിമ്മരായപ്പയും അപ്രത്യക്ഷനായതോടെയാണ് പൊലീസിന് സംശയം തോന്നിയത്.
തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് തിമ്മരായപ്പ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചതും കുറ്റം സമ്മതിച്ചതും. സംഭവദിവസം മേഘനയെ ഇയാൾ ആദ്യം കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് കിണറ്റിലേക്ക് കല്ലുകളെറിഞ്ഞ് മരണം ഉറപ്പാക്കി. അതിനുശേഷം കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് ആരുമില്ലാത്ത വിജനമായ സ്ഥലത്ത് കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം, തനിക്കെതിരെ യാതൊരുവിധ സംശയവും ഉണ്ടാകാതിരിക്കാൻ തിമ്മരായപ്പ തന്നെയാണ് ഭാര്യ നിർമ്മലയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന പരാതി നൽകാൻ സഹായിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.










0 comments