ad
Deshabhimani

തനിക്കെതിരെയുണ്ടായ വധശ്രമത്തിൽ പ്രതികരണവുമായി ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള.

farook abdhulla
വെബ് ഡെസ്ക്

Published on Mar 12, 2026, 04:10 PM | 2 min read

ജമ്മു: ജമ്മുവിൽ വിവാഹ ചടങ്ങിനിടെയുണ്ടായ വധശ്രമത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടതിൽ പ്രതികരണവുമായി നാഷണൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ആക്രമണത്തെക്കുറിച്ച് ഫാറൂഖ് അബ്ദുള്ള ജമ്മുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ആദ്യം പടക്കം പൊട്ടുന്ന ശബ്ദമാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നെ വലയം ചെയ്യുകയും കാറിലേക്ക് മാറ്റുകയുമായിരുന്നു. ഒരു റിവോൾവറിൽ നിന്ന് രണ്ടുതവണ വെടിയുതിർത്തതായാണ് പിന്നീട് അറിഞ്ഞത്."“ആ മനുഷ്യനെ എനിക്ക് ഒട്ടും അറിയില്ല,” “20 വർഷമായി താൻ കാത്തിരിക്കുകയാണെന്നും വ്യക്തിപരമായ വിദ്വേഷം ഉണ്ടെന്നും അയാൾ അവകാശപ്പെടുന്നു, പക്ഷേ അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്കറിയില്ല. ഞാൻ ആരെയും ഒരിക്കലും ഉപദ്രവിച്ചിട്ടില്ല.”


നിരവധി വിഐപികൾ പങ്കെടുത്ത ചടങ്ങായിട്ടും വേദിയിൽ മതിയായ പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ജീവൻ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥരോടും കൂടെനിന്ന സഹപ്രവർത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു. സംഭവത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുകയും സംഭവത്തിൽ ഉന്നതതല അന്വേഷണം ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു .


അതേസമയം, ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തെ സിപിഐഎം നേതാവ് എം വൈ തരിഗാമി ശക്തമായി അപലപിച്ചു. 'ഇസഡ് പ്ലസ്' കാറ്റഗറി സുരക്ഷയുള്ള ഒരു മുതിർന്ന നേതാവിനെ വധിക്കാൻ ശ്രമിച്ച അക്രമിക്ക് ഇത്രയടുത്തെത്താൻ കഴിഞ്ഞത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും തരിഗാമി ആവശ്യപ്പെട്ടു.


ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടുക്കം രേഖപ്പെടുത്തി. അദ്ദേഹം തന്റെ എക്‌സിൽ ഇങ്ങനെ കുറിച്ചു."ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ളയ്ക്കെതിരായ വധശ്രമത്തെക്കുറിച്ച് കേട്ടപ്പോൾ എനിക്ക് വളരെ ഞെട്ടലുണ്ടായി. ഇസഡ് പ്ലസ് എൻ എസ് ജി സുരക്ഷ ഉണ്ടായിരുന്നിട്ടും ഇത്തരമൊരു സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചു എന്നത് വളരെ ആശങ്കാജനകമാണ്. ഈ സംഭവം അധികാരികളിൽ നിന്ന് ഉടനടി ഉത്തരം ആവശ്യമുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഫാറൂഖ് സാഹിബിനും കുടുംബത്തിനും ഞങ്ങൾ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇത്തരം അക്രമങ്ങൾക്ക് നമ്മുടെ ജനാധിപത്യത്തിൽ സ്ഥാനമില്ല. അദ്ദേഹത്തിന് നല്ല ആരോഗ്യവും സുരക്ഷയും നേരുന്നു."







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home