Deshabhimani

കരിമ്പ് വില പഞ്ചസാര മില്ലുകളുടെ ഇഷ്ടത്തിന്: സോലാപൂരിലും കർഷക പ്രക്ഷോഭം

Farmers protest
വെബ് ഡെസ്ക്

Published on Nov 17, 2026, 10:43 AM | 1 min read

സോലാപൂ‍ർ: കരിമ്പ് വില മില്ലുടമകളുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കുന്നതിന് എതിരെ കര്‍ഷക പ്രക്ഷോഭം പടരുന്നു. സോലാപൂരിൽ കളക്ടറേറ്റ് വളപ്പിൽ ആയിരകണക്കിന് കർഷകർ കുത്തിയിരിപ്പ് സമരം നടത്തി. കരിമ്പ് സംസ്കരിക്കുന്ന സീസൺ ആരംഭിച്ചിട്ടും മില്ലുമകൾ കർഷകര്‍ ആവശ്യപ്പെടുന്ന വില പ്രഖ്യാപിക്കാൻ തയാറാകാതെ തുടരുകയാണ്. ടണ്ണിന് 3,500 രൂപ എങ്കിലും ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.


സോലാപൂരിൽ നിന്നും 30 കിലോ മീറ്റര്‍ മാത്രം അകലത്തുള്ള കര്‍ണാടക അതിരിലെ മില്ലുകൾ ടണ്ണിന് 3,700 രൂപ നൽകുമ്പോൾ, എന്തുകൊണ്ടാണ് സോലാപൂരിലെ മില്ലുകൾ ഇതിന് തയാറാകാത്തത് എന്നാണ് ചോദ്യം. ടണ്ണിന് 3,150 രൂപ മാത്രം നൽകി മില്ലുടമകൾ കർഷകരെ ചൂഷണം ചെയ്യുകയാണെന്ന് കർഷക നേതാവ് അനിൽ പവാർ ആരോപിച്ചു. കോലാപൂരിൽ സമാനമായ കര്‍ഷക സമരം നടന്നു. ഇതിന് പിന്നാലെ ടണ്ണിന് 4,200 രൂപ നൽകാൻ ഭരണകൂടം സമ്മതിച്ചിരുന്നു. സ്വാഭിമാനി ശേത്കരി സംഘടന, റയത്ത് ക്രാന്തി, ബലിരാജ, ജനക്രാന്തി, പ്രഹാർ തുടങ്ങിയ സംഘടനകളാണ് പ്രക്ഷോഭ രംഗത്തുള്ളത്.


മാർച്ച് കളക്ടറേറ്റ് വളപ്പിലെത്തിയതോടെ പ്രധാന കവാടം അടച്ച് പോലീസ് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചു. ഇതേത്തുടർന്ന് കർഷകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ കനത്ത പോലീസ് സുരക്ഷാ വലയം ഭേദിച്ച് കവാടം തുറന്ന കർഷകർ കളക്ടറേറ്റ് വളപ്പിനുള്ളിലേക്ക് ഇരച്ചുകയറി.


കളക്ടറേറ്റ് ഉപരോധത്തിന് മുന്നോടിയായി ശനിയാഴ്ച ഹൊൻമുർഗി, കണ്ഡൽഗാവ്, അൻട്രോളി, അക്കൽകോട്ട് ഷെഗാവ്, പൻമംഗ്രുൾ, മോഹോൾ, പെനൂർ, ഘോഡേശ്വർ എന്നീ താലൂക്കുകളിലെ ഗ്രാമങ്ങളിൽ കർഷകരുടെ യോഗങ്ങൾ ചേർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home