print edition തൊഴിലാളി – കർഷക സമരപ്രക്ഷോഭങ്ങൾ ; രാജ്യം പ്രകമ്പനംകൊള്ളും

ന്യൂഡൽഹി
കാർഷിക മേഖലയെ കുത്തകകൾക്ക് തീറെഴുതാൻ രണ്ടാം മോദി സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരായ 2020–21 കാലയളവിലെ ഐതിഹാസിക സമരത്തിന് സമാനമായ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്കാണ് 2026ൽ കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളും നീങ്ങുന്നത്. കർഷകസംഘടനകൾ വെള്ളിയാഴ്‌ച രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിരോധ ദിനാചരണവും ട്രേഡ്‌യൂണിയനുകൾ ഫെബ്രുവരി 12ന് നിശ്ചയിച്ച രാജ്യവ്യാപക പണിമുടക്കും വിപുലമായ സമരപ്രക്ഷോഭങ്ങൾക്ക് അടിത്തറയാകും.
കാർഷിക നിയമങ്ങൾക്കെതിരായി മാത്രമായിരുന്നു 2020–21 പ്രക്ഷോഭമെങ്കിൽ കൂടുതൽ വിപുലമായ ആവശ്യങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തിയാണ് 2026ൽ കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും സംഘടിപ്പിക്കുന്ന സമരപരിപാടികൾ. തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചുള്ള പുതിയ വിബി ജിആർഎഎംജി നിയമത്തിനെതിരെയാണ് ഐക്യത്തോടെയുള്ള മുന്നേറ്റം. കരടു വിത്തുബില്ലും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെടുന്നു.
2021 ലെ കർഷകസമരം അവസാനിപ്പിച്ച ഘട്ടത്തിൽ കേന്ദ്രസർക്കാർ ഉറപ്പുനൽകിയ നിയമാനുസൃത മിനിമം താങ്ങുവില ഇനിയും നടപ്പാക്കിയിട്ടില്ല. സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില നിയമാനുസൃതമായി ഉറപ്പുവരുത്തണമെന്ന ആവശ്യവും കർഷകസംഘടനകൾ ഉയർത്തുന്നുണ്ട്. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം നിലവിലെ 31 ശതമാനത്തിൽ നിന്ന് 60 ശതമാനത്തിലേക്ക് വർധിപ്പിക്കണം. രാജ്യത്തെ തൊഴിലാളിവർഗം പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത എല്ലാ അവകാശങ്ങളെയും അപഹരിക്കുന്ന ലേബർ കോഡുകൾക്കെതിരായാണ് ട്രേഡ് യൂണിയനുകൾ ഐക്യത്തോടെ രംഗത്തുള്ളത്. കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകൾക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്. ഫെബ്രുവരി 12ന്റെ പണിമുടക്കിനുള്ള തയ്യാറെടുപ്പുകൾ രാജ്യവ്യാപകമായി പുരോഗമിക്കുകയാണ്.
വെള്ളിയാഴ്‌ച കർഷകസംഘടനകൾ ഗ്രാമങ്ങൾ തോറും ആസൂത്രണം ചെയ്‌തിട്ടുള്ള പ്രതിരോധദിനാചരണത്തിന് ട്രേഡ്‌യൂണിയനുകളുടെയും പിന്തുണയുണ്ടാകും. കർഷകസംഘടനകളുടെയും ട്രേഡ്‌യൂണിയനുകളുടെയും സമരപരിപാടികൾക്ക് ഐക്യദാർഢ്യവുമായി ഇടതുപക്ഷ പാർടികളും രംഗത്തുണ്ട്.










0 comments