ad
Deshabhimani

ഇവിടെ നിൽക്കാൻ വയ്യെന്ന് ടിഷ്വയുടെ അവസാന കോൾ; അരമണിക്കൂറിനകം അറിഞ്ഞത് അവളുടെ മരണവാർത്ത: ഞങ്ങൾ ജീവിക്കുന്നത് വലിയ ഭീതിയിലാണെന്ന് കുടുംബം

twisha

ട്വിഷ ശർമ്മ, സമർത്ഥ് സിംഗ്

വെബ് ഡെസ്ക്

Published on May 18, 2026, 10:25 AM | 2 min read

ഭോപ്പാൽ: വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഭോപ്പാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്വിഷ ശർമ്മയുടെ (33) മരണത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബം. വലിയൊരു ഭീതിയിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും കേസ് അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും നോയിഡ സ്വദേശിനിയായ ട്വിഷയുടെ കുടുംബം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.


റിട്ടയേർഡ് ജഡ്ജിയുടെ മകനും അഭിഭാഷകനുമായ സമർത്ഥ് സിംഗുമായി കഴിഞ്ഞ ഡിസംബറിലായിരുന്നു ട്വിഷയുടെ വിവാഹം. മെയ് 12 ചൊവ്വാഴ്ച രാത്രിയാണ് കതാരാ ഹിൽസിലെ ഭർത്താവിന്റെ വീട്ടിൽ ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം രാത്രി 10:05-ഓടെ ട്വിഷ നോയിഡയിലുള്ള അമ്മയെ വിളിച്ച് കരഞ്ഞിരുന്നു. തനിക്ക് ഭോപ്പാലിൽ നിൽക്കാൻ വയ്യെന്നും നോയിഡയിലേക്ക് മടങ്ങണമെന്നും ട്വിഷ പറഞ്ഞു. ‌‌


എന്നാൽ മുറിയിലേക്ക് ഭർത്താവ് കയറിവന്നതോടെ ട്വിഷ പെട്ടെന്ന് ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ ആർമിയിൽ മേജറായ സഹോദരൻ ഹർഷിത് ശർമ്മ പറയുന്നു. പിന്നീട് കുടുംബം പലതവണ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. രാത്രി 10:20-ഓടെയാണ് മകൾക്ക് ശ്വാസമില്ലെന്ന വിവരം ഭർതൃമാതാവ് ഫോണിലൂടെ അറിയിക്കുന്നത്.


ആശുപത്രിയിലേക്ക് വെറും 10 മിനിറ്റ് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ട്വിഷയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. പ്രതികൾക്ക് അനുകൂലമായ നിലപാടാണ് പ്രാദേശിക പൊലീസ് സ്വീകരിക്കുന്നതെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് മനഃപൂർവ്വം വൈകിച്ചതായും കുടുംബം ആരോപിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ കോടതിയിൽ എത്തിയപ്പോൾ പ്രാദേശിക അഭിഭാഷകരിൽ നിന്നും തങ്ങൾക്ക് ഭീഷണിയുണ്ടായതായും സൈന്യത്തിന്റെ സഹായത്തോടെയാണ് പിന്നീട് സുരക്ഷ ഉറപ്പാക്കിയതെന്നും സഹോദരൻ വ്യക്തമാക്കി.


മുൻപ് മോഡലായും മാർക്കറ്റിംഗ് രംഗത്തും ജോലി ചെയ്തിരുന്ന ട്വിഷയെ, ജോലി രാജിവെച്ചതിന് ശേഷം ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നു. ട്വിഷയുടെ പേരിൽ 20 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടെന്ന് അറിഞ്ഞതോടെ ഈ തുക തന്റെ പേരിലേക്ക് മാറ്റാൻ ഭർത്താവ് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു.


ട്വിഷയുടെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ഭർത്താവ് സമർത്ഥ് സിംഗ്, ഭർതൃമാതാവും റിട്ടയേർഡ് ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവർക്കെതിരെ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് നിലവിൽ എ സി പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. തങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ മകളുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ട്വിഷയുടെ കുടുംബം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home