print edition വീണത് മോദി സർക്കാരിനെ പ്രതിരോധിച്ച 3 സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ബിജെപി സർക്കാരിന്റെ ജനദ്രോഹ– ഫെഡറൽ വിരുദ്ധ നയനിലപാടുകളെ ദേശീയതലത്തിൽ തുടർച്ചയായി ചോദ്യംചെയ്‌ത മൂന്ന് സംസ്ഥാന സർക്കാരുകളാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്ന് സംശയിക്കുന്നു.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ 10 വർഷമായി കേന്ദ്രസർക്കാരിന്റെ സാമ്പത്തികമായ ഞെരുക്കലടക്കമുള്ള പ്രതികാര നടപടികളെ ശക്തമായി നേരിട്ടാണ് മുന്നോട്ട്‌പോയത്. സമാന അനുഭവമാണ് തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരും നേരിട്ടത്. ബംഗാളിലെ തൃണമൂൽ ഭരണത്തെ അട്ടിമറിക്കാൻ 2019 മുതൽ ബിജെപി ശ്രമിച്ചിരുന്നു.
എന്നാൽ കർണാടക, തെലങ്കാന, ഹിമാചൽ എന്നിവിടങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ ഒരു ഘട്ടത്തിലും കേന്ദ്ര സർക്കാരിന്റെ ദ്രോഹനടപടികളെ ചോദ്യംചെയ്‌തിരുന്നില്ല. മോദി സർക്കാരുമായി പരമാവധി സഹകരിച്ച് നീങ്ങുകയായിരുന്നു അവർ.
പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിന്റെ ദ്രോഹനിലപാടിനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ കേരളം സമരം സംഘടിപ്പിച്ചു.
കോൺഗ്രസ് ഒഴികെയുള്ള പ്രധാന പ്രതിപക്ഷ പാർടികളെല്ലാം സമരത്തിന് ഐക്യദാർഢ്യവുമായെത്തി. കേന്ദ്രത്തിന്റെ പ്രതികാരബുദ്ധിയോടെയുള്ള സാമ്പത്തിക നയസമീപനത്തെ സുപ്രീംകോടതിയിലും കേരളം ചോദ്യംചെയ്‌തു. ഗവർണർമാരുടെ വഴിവിട്ട ഇടപെടലുകൾക്കെതിരായും ഇടതുപക്ഷവും ഡിഎംകെയും തൃണമൂലും ശക്തമായി പ്രതികരിച്ചു.
ഫെഡറൽ തത്വങ്ങളെ ചവിട്ടിമെതിക്കുന്ന കേന്ദ്രനയത്തിനെതിരായ ജനവികാരം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടു വരാനും ഇൗ മൂന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾക്കായി. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ പ്രഹരത്തിന് കേരളവും തമിഴ്‌നാടും ബംഗാളും നടത്തിയ പോരാട്ടങ്ങളും കാരണമായി.
ഇൗ സംസ്ഥാനങ്ങളെ ഏതുവിധേനയും വീഴ്‌ത്തുകയെന്നത് സംഘപരിവാറിന്റെയും ബിജെപിയുടെയും ലക്ഷ്യമായിരുന്നു. അതിനായി ഒളിഞ്ഞും തെളിഞ്ഞും ഗൂഢതന്ത്രങ്ങൾ പയറ്റി. കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരായി വലിയതോതിൽ അപവാദ പ്രചാരണം സംഘടിപ്പിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് സാന്നിധ്യം അവസാനിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്കെതിരായി ബദൽ രാഷ്‌ട്രീയ സംവിധാനങ്ങൾ ഉയർന്നുവരാൻ പിന്നിൽനിന്ന് പ്രവർത്തിക്കുകയും ചെയ്‌തു.











0 comments