നോട്ടുനിരോധനം പത്തു വർഷത്തോടടുക്കുമ്പോഴും കള്ളനോട്ടുകൾ സുലഭം; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2016 നവംബർ 8 നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1,000 രൂപ നോട്ടുകൾ രാജ്യത്ത് നിരോധിച്ചത്. കള്ളപ്പണത്തിനും കള്ളനോട്ടുകൾക്കുമെതിരെയുള്ള ശക്തമായ നീക്കമായാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചതെങ്കിലും, പത്തു വർഷത്തോടടുക്കുമ്പോളും കള്ളനോട്ടുകളുടെ വ്യാപനം കുറഞ്ഞില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2017 മുതൽ 2024 വരെ രാജ്യത്തുടനീളം 638 കോടിയിലേറെ വിലവരുന്ന കള്ളനോട്ടുകൾ പിടിച്ചെടുത്തു. ഇതിൽ ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തിയത് 2022 ലായിരുന്നു.
2022 ൽ മാത്രം 382.6 കോടി രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരിക്കാലമായ 2020-ൽ ഇത് 92 കോടിയായിരുന്നു.
2024 ൽ പിടിച്ചെടുത്ത 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 2016 നെ അപേക്ഷിച്ച് ഏകദേശം നാല് മടങ്ങ് വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2,000 രൂപ നോട്ടുകളുടെ കള്ളപതിപ്പുകളും 2017 നെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നിട്ടുണ്ട്.
ബാങ്കിങ് സംവിധാനത്തിനുള്ളിലും കള്ളനോട്ടുകളുടെ സാന്നിധ്യം തുടരുകയാണ്. 2020-21 മുതൽ 2024-25 വരെയുള്ള കാലയളവിൽ ബാങ്കുകൾ വഴി കണ്ടെത്തിയ കള്ളനോട്ടുകളുടെ മൂല്യം 40.26 കോടിയാണെന്ന് കണക്കുകൾ പറയുന്നു. പ്രതിദിനം ശരാശരി രണ്ട് ലക്ഷത്തോളം കള്ളനോട്ടുകൾ കണ്ടെത്തപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഗുജറാത്താണ് മുന്നിൽ. 2017 മുതൽ 2024 വരെ അവിടെ മാത്രം 355.72 കോടി രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു.
രാജ്യത്ത് പിടിച്ചെടുത്ത മൊത്തം കള്ളനോട്ടുകളുടെ പകുതിയിലധികം ഗുജറാത്തിൽ നിന്നാണെന്നതാണ് ശ്രദ്ധേയം. മഹാരാഷ്ട്രയും കർണാടകയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഇതോടെ നോട്ടുനിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ കള്ളനോട്ട് ഇല്ലാതാക്കൽ പ്രതീക്ഷിച്ച ഫലം കൈവരിച്ചില്ലെന്ന വിമർശനം വീണ്ടും ശക്തമാകുകയാണ്.










0 comments