വ്യാജ ഒപ്പിടൽ വിവാദം: തൃണമൂലിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാരെ പുറത്താക്കി; മമതയ്‌ക്കെതിരെ രാഷ്ട്രീയ നീക്കം

മമത ബാനർജി
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ആഭ്യന്തര കലഹവും പൊട്ടിത്തെറിയും രൂക്ഷമാകുന്നു. പാർട്ടി എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട രേഖകൾ നിയമസഭയിൽ സമർപ്പിച്ചെന്ന 'സിഗ്നേച്ചർ അഴിമതി' വിവാദം പുറത്തുവന്നതോടെ രണ്ട് തൃണമൂൽ എംഎൽഎമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി. എംഎൽഎമാരായ സാന്ദീപൻ സാഹ, റിതബ്രത ബാനർജി എന്നിവരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പുറത്താക്കിയത്.
പാർട്ടി യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരിക്കുകയും നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ടിഎംസി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട പുറത്താക്കൽ കത്തിൽ പറയുന്നു. എന്നാൽ, സത്യസന്ധതയ്ക്ക് ഈ പാർട്ടിയിൽ സ്ഥാനമില്ലെന്നും അഴിമതി ചോദ്യം ചെയ്തതിനാണ് തങ്ങളെ പുറത്താക്കിയതെന്നും വിമത എംഎൽഎമാർ തുറന്നടിച്ചു.
എന്താണ് 'വ്യാജ ഒപ്പ്' വിവാദം?
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുതിർന്ന ടിഎംസി നേതാവ് സോവൻദേബ് ചതോപാധ്യായയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തുകൊണ്ട് പാർട്ടി സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. 70 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് മെയ് 19-നാണ് കത്ത് സമർപ്പിച്ചത്.
എന്നാൽ, ഇതിൽ പല എംഎൽഎമാരുടെയും ഒപ്പുകൾ വ്യാജമാണെന്ന് കാണിച്ച് സാന്ദീപൻ സാഹയും റിതബ്രത ബാനർജിയും സ്പീക്കർക്ക് പരാതി നൽകിയതോടെയാണ് വിവാദം പുകഞ്ഞുതുടങ്ങിയത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ സമയത്തെ ഒപ്പുകളുമായി ഒത്തുനോക്കിയ അസംബ്ലി സെക്രട്ടറിയറ്റ് ക്രമക്കേട് കണ്ടെത്തുകയും ഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസ് ഇപ്പോൾ സംസ്ഥാന സിഐഡി അന്വേഷിക്കുകയാണ്. പല ഒപ്പുകളും ബ്ലോക്ക് ലെറ്ററുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണം മുതിർന്ന നേതാക്കളിലേക്ക്: കേസിൽ ടിഎംസി നേതാക്കളായ കുനാൽ ഘോഷ്, നയനാ ബാനർജി തുടങ്ങിയവരെ സിഐഡി ചോദ്യം ചെയ്തു കഴിഞ്ഞു. തൃണമൂൽ നാഷണൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് സിഐഡി സമൻസ് അയച്ചെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല.
മമതയ്ക്ക് വൻ പ്രതിസന്ധി; അട്ടിമറി നീക്കമെന്ന് സൂചന
പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ മമത ബാനർജിക്കെതിരെ കടുത്ത രാഷ്ട്രീയ നീക്കത്തിന്റെ സൂചനകളാണ് വിമത ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്. തൃണമൂൽ കോൺഗ്രസിൽ വലിയൊരു വിഭാഗം എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ടിഎംസി നേതാവ് റിജു ദത്ത വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പ് പരാജയ ഭാരത്തിനൊപ്പം പാർട്ടിക്കുള്ളിലെ ഈ വൻ അട്ടിമറി നീക്കവും മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്.











0 comments