ജന്തർമന്തറിൽ അതിക്രമം നടത്തിയ സംഘപരിവാർ ക്രിമിനലിന്റെ വെളിപ്പെടുത്തൽ
print edition "ഒരുത്തന്റെ തലയടിച്ചു പൊട്ടിച്ചിട്ടും ജയിലിൽ കിടക്കേണ്ടിവന്നില്ല'

സ്വതന്ത്ര ഭരദ്വാജ്
ന്യൂഡൽഹി : ഡൽഹി ജന്തർമന്തറിൽ നീറ്റ് പ്രക്ഷോഭത്തിൽ പങ്കെടുത്ത പെണ്‍കുട്ടിയുടെ അച്ഛന്റെ തലയടിച്ചു പൊട്ടിച്ചെന്നും ബിജെപി നേതാക്കളുടെ ‘ആശിർവാദ’മുള്ളതിനാൽ ജയിലിൽ പോകേണ്ടിവന്നില്ലെന്നും തീവ്രഹിന്ദുത്വവാദിയുടെ വെളിപ്പെടുത്തൽ. ജൂലൈ 20ന് ജന്തര്‍മന്തറില്‍ ഡൽഹി പൊലീസിന്റെ ലാത്തിയും ഷൂസുമണിഞ്ഞ് പ്രക്ഷോഭകരെ നേരിട്ട സംഘപരിവാർ ക്രിമിനലായ സ്വതന്ത്ര ഭരദ്വാജിന്റേതാണ് തുറന്നു പറച്ചില്‍. യൂട്യൂബിൽ ലഭ്യമായ ഒരു മണിക്കൂർ ദൈർഘ്യമുള്ള പോഡ്‌കാസ്റ്റിലാണ്, പ്രക്ഷോഭകരെ സംഘപരിവാറുകാര്‍ നേരിട്ടതെങ്ങനെയെല്ലാമെന്ന് ഇയാള്‍ വിവരിച്ചത്.
ഡൽഹി പൊലീസിന്റെ ലാത്തിയും ഷൂസുമാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നും ഇയാള്‍ സ്ഥിരീകരിച്ചു. പ്രക്ഷോഭത്തിനെത്തിയ നിഷു എന്ന പെൺകുട്ടിയുടെ അച്ഛനെയാണ് ഇയാൾ ആക്രമിച്ചത്. ‘‘നിഷുവിന്റെ അച്ഛന്റെ തല ഞാൻ അടിച്ചുപൊട്ടിച്ചു. വധശ്രമ കുറ്റമാണിത്. അയാൾക്ക് തലയിൽ 60 തുന്നല്‍ വേണ്ടിവന്നു. അച്ഛന് നീതി ലഭിച്ചില്ലെങ്കിൽ വിഷം കഴിച്ചുമരിക്കുമെന്ന് പറഞ്ഞ് മകൾ പൊലീസ് സ്റ്റേഷന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടെന്തായി? പിറ്റേദിവസം ഞാൻ പുറത്തിറങ്ങി. എനിക്ക് ജയിലിൽപോലും പോകേണ്ടി വന്നില്ല.’’– ഭരദ്വാജ് ചിരിച്ചുകൊണ്ട് പറഞ്ഞു.
‘‘ഞാൻ ജയിലിൽ പോയിട്ടില്ലെന്ന് ലോകം മുഴുവൻ അറിയണം. കപിൽ മിശ്ര (ഡല്‍ഹി മന്ത്രി) എന്റെ ജ്യേഷ്ഠനെപ്പോലെയാണ്. കപിൽ മിശ്രയുടെ ഫോൺകോൾ വന്നതുകൊണ്ടാണ് വിട്ടയച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ചിരാഗ് പാസ്വാൻ എന്റെ ജ്യേഷ്ഠനാണ്, മോദി ജിയെ അറിയാമോ? മോദി ജിയും എന്റെ ജ്യേഷ്ഠനാണ്. എനിക്ക് എല്ലാവരുടെയും പിന്തുണയുണ്ട്," ഭരദ്വാജ് പറഞ്ഞു.‘"ഈ ഷൂസ് കാണാമോ? ഇത് ഡൽഹി പൊലീസിന്റേതാണ്. ഒരു ഫോമും പൂരിപ്പിച്ചു നൽകിയിട്ടില്ലെങ്കിലും ഡൽഹി പൊലീസിനെപ്പോലെയാണ് ഞാൻ നടക്കുന്നത്. ഷൂസും ലാത്തിയുമെല്ലാം ഡൽഹി പൊലീസിന്റേതാണ്.’’– ലാത്തി എവിടെനിന്ന് ലഭിച്ചെന്ന ചോദ്യത്തിന് ഭരദ്വാജ് മറുപടി നൽകി.
അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ഡൽഹി പൊലീസിനും ബിജെപിക്കുമെതിരെ വിമർശം ശക്തമായി. ഇടപെട്ടത് ഡൽഹി മന്ത്രി കപിൽ മിശ്രയാണെന്ന് പ്രതിതന്നെ ഇപ്പോൾ വെളിപ്പെടുത്തിയെന്ന് കോക്രോച്ച് ജനതാ പാർടി നേതാവ് സൗരവ് ദാസ് എക്‌സിൽ കുറിച്ചു.










0 comments