കാണാതായവരുടെ കണക്കില്ല

ഉത്തരകാശിയിൽ രക്ഷാപ്രവർത്തനം തുടരുന്നു; എൺപതിലധികം തീർഥാടകരെ എയർലിഫ്‌റ്റ്‌ ചെയ്തു

uttarakhand.png
വെബ് ഡെസ്ക്

Published on Aug 08, 2025, 12:30 PM | 1 min read

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ധരാലിയിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ഗംഗോത്രി ദേശീയ പാതയും സ്ഥലത്തെ നിരവധി റോഡുകളുമുൾപ്പെടെ പ്രളയത്തെത്തുടർന്ന്‌ തകർന്നതിനാൽ വ്യോമമാർഗമാണ്‌ രക്ഷാപ്രവർത്തനം. വെള്ളിയാഴ്‌ച നടന്ന രക്ഷാപ്രവർത്തനത്തിൽ എൺപതിലധികം തീർഥാടകരെ എയർലിഫ്‌റ്റ്‌ ചെയ്തു. ഐടിബിപിയുടെ വ്യോമസംവിധാനങ്ങൾ ഉപയോഗിച്ചാണ്‌ തീർഥാടകരെ പ്രളയബാധിത പ്രദേശത്ത്‌ നിന്ന്‌ മാറ്റിയത്‌.


5060 അടി ഉയരമുള്ള പ്രദേശത്ത്‌ ഇടിഞ്ഞുവീണ കെട്ടിടങ്ങൾക്കിടയിലൂടെയുള്ള തിരച്ചിൽ അതീവ ദുഷ്‌കരമായാണ്‌ മുന്നോട്ട്‌ പോകുന്നത്‌. തിരച്ചിലിനായുള്ള അത്യാധുനിക ഉപകരണങ്ങൾ ഐഎഎഫിന്റെ ചിനൂക്‌, എംഐ 17 ഹെലികോപ്‌റ്ററുകളിൽ ധരാലിയിലേക്കെത്തിച്ചു. പ്രളയത്തിൽ അകപ്പെട്ടവർക്ക്‌ വേണ്ടിയുള്ള ഭക്ഷണമുൾപ്പെടെയുള്ള അവശ്യ വസ്‌തുക്കളും ഹെലികോപ്‌റ്ററുകൾ വഴി സ്ഥലത്തെത്തിച്ചു.


കാണാതായവരുടെ കണക്കില്ല


ഉത്തരകാശി ജില്ലയിൽ മിന്നൽപ്രളയമുണ്ടായി നാലുദിവസത്തിനുശേഷവും കാണാതായവരുടെ കൃത്യമായ കണക്കുകളില്ലാതെ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ. മണ്ണിനടിയിൽ ജീവനോടെയോ അല്ലാതെയൊ എത്രപേർ ഉണ്ടെന്നറിയാതെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നിലവിൽ രക്ഷാപ്രവർത്തനം തുടരുന്നത്‌.


ധരാലിയിൽ അപകടത്തിൽപ്പെട്ടവരിൽ എത്ര കുടുംബങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. കാണാതായ സൈനികരുടെ എണ്ണത്തിലും അവ്യക്തതയുണ്ട്‌.


എത്ര ഹോട്ടലും ഹോംസ്റ്റേയും ഒലിച്ചുപോലി, ഇവിടെ എത്രപേർ താമസിച്ചിരുന്നു എന്നതിലൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. 40 മുറിയുള്ള ഹോട്ടൽ പ്രളയത്തിൽ ഒഴുകിപ്പോയതായി ഹോട്ടലുടമ സ്ഥിരീകരിച്ചു. ഇവിടെയും എത്രപേർ താമസിച്ചിരുന്നെന്നറിയില്ല.


പന്ത്രണ്ട് ഗ്രാമങ്ങളാണ്‌ ഉത്തരകാശിയിൽ പ്രളയത്തിൽപ്പെട്ടത്‌. ധരാലിയിൽനിന്ന്‌ 20 കിലോമീറ്റർ അകലെയുള്ള ഗംഗോത്രി മേഖലയിലും വ്യാപക മണ്ണിടിച്ചിലുണ്ടായി. ചാർ ധാം തീർഥാടനത്തിനെത്തിയ, പുണെക്കാരായ 24 അംഗ സംഘത്തെ ഗംഗോത്രിയിൽ കാണാതായതായി ബന്ധുക്കൾ പറഞ്ഞു. ബിഹാറിൽനിന്നും നേപ്പാളിൽ നിന്നുമുള്ള നാൽപ്പതോളം പേരെയും കാണാനില്ല.


തക്ലയിൽ മണ്ണിനടിയിൽ കുടുങ്ങിക്കിക്കുന്നവരെ കണ്ടെത്താൻ റഡാർ പരിശോധന നടത്തി. 2013ന്‌ ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ കാണാതായവരുടെ ഏകദേശ കണക്കുപോലുമില്ലാതെ സ്തംഭിച്ച്‌ നിൽക്കുകയാണ്‌ സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Home