എപ്‌സ്‌റ്റീൻ ഫയൽസ്: ഹർദീപ് സിങ്ങിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം- സിപിഐ എം പിബി

ന്യൂഡൽഹി: എപ്‌സ്റ്റീൻ ഫയൽ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിൽ രാജ്യത്തിന് ഉണ്ടായ നാണക്കേടും അപമാനവും പരിഹരിക്കാൻ ഹർദീപ് സിങ് പുരിയെ കേന്ദ്ര മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വെറുപ്പും ഭയാശങ്കകളും സൃഷ്ടിക്കുന്ന എപ്‌സ്‌റ്റീൻ ഫയലുകളുടെ ഉള്ളടക്കം ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. യുഎസ് നീതിന്യായ വകുപ്പും ട്രംപ് ഭരണകൂടവും വലിയ തോതിൽ മൂടിവയ്ക്കാൻ ശ്രമിച്ചിട്ടും വസ്തുതകൾ പുറത്തുവരുന്നു.
എപ്‌സ്‌റ്റീൻ മുഖ്യപങ്കാളിയായിരുന്ന ക്രിമിനൽ ശൃംഖലയുടെ ഭാഗമായിരുന്ന രാഷ്ട്രീയക്കാർ, സാമ്പത്തിക പ്രഭുക്കൾ, സാങ്കേതികമേഖലയിലെ വമ്പന്മാർ, ഇതര മേഖലകളിലെ പ്രമുഖർ തുടങ്ങി ഉന്നതർ ഉൾപ്പെട്ട ശൃംഖലയുടെ ആക്രമണാത്മകമായ ക്രിമിനൽ സ്വഭാവത്തെയും ഇവർക്ക് ലഭിക്കുന്ന പരിരക്ഷയുടെയും കാര്യത്തിൽ സംശയമില്ല. എന്നാൽ ഒട്ടേറെ രാജ്യങ്ങളിൽ നിയമപരമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. യുകെയിൽ ആൻഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേരുകൾ പിൻവലിച്ച് അറസ്റ്റ് ചെയ്തു. മറ്റ് നിരവധി പേർക്ക് അതത് രാജ്യങ്ങളിലെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നു.
പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പങ്കാളിത്തത്തിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും, വിശദീകരണം നൽകാനും ഉത്തരവാദിത്വം ഉറപ്പാക്കാനും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായിട്ടില്ല. എപ്‌സ്‌റ്റീൻ ഫയലുകളെക്കുറിച്ച് പാർലമെന്റിൽ ഒരു ചർച്ചയും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. ലഭ്യമായ തെളിവുകളുടെ പശ്ചാത്തലത്തിൽ, ഹർദീപ് സിങ് പത്രസമ്മേളനത്തിൽ കള്ളം പറഞ്ഞതായി തെളിഞ്ഞു. എന്നിട്ടും, ഹർദീപ് സിങ്ങിനെ സംശയകരമായ മാർഗങ്ങളിലൂടെ സംരക്ഷിക്കുകയാണ്–പിബി ചൂണ്ടിക്കാട്ടി.










0 comments