print edition റിലയൻസ് ക്യാപിറ്റലിൽ നിക്ഷേപിച്ച 1816 കോടി തിരിച്ചുകിട്ടില്ല

ന്യൂഡൽഹി:
തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് സന്പാദ്യത്തിൽനിന്നും അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിൽ (ആർസിഎൽ) നിക്ഷേപിച്ച 1,816 കോടി തിരിച്ചുപിടിക്കാൻ നിയമപരമായ മാർഗമില്ലെന്ന് ഇപിഎഫ്‌ഒ. ഇപിഎഫ്‌ഒ ട്രസ്റ്റി ബോർഡ് യോഗത്തിന്റെ (സിബിടി) പരിഗണനയ്‌ക്കായി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. 2013–2014 കാലയളവിൽ തൊഴിലാളികളുടെ സന്പാദ്യത്തിൽനിന്നും 2500 കോടിയാണ് ഇപിഎഫ്‌ഒ റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിൽ നിക്ഷേപിച്ചത്. കാലാവധി പൂർത്തിയായിട്ടും മുതലും പലിശയും മടക്കി നൽകിയില്ല.
തുടർന്ന്, കന്പനി പാപ്പരത്ത നടപടികളിലേക്ക് കടന്നു.
ആകെ നിക്ഷേപിച്ച തുകയിൽ 1,492 കോടി മാത്രമാണ് തിരിച്ചുകിട്ടിയത്. ബാക്കി 1,077.55 കോടി മുതലും 808.67 കോടി പലിശയും ഉൾപ്പടെ 1,816.22 കോടി രൂപയാണ് ലഭിക്കാനുള്ളത്. ദേശീയ കന്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകരിച്ച പാപ്പരത്ത പരിഹാര പദ്ധതി, സുപ്രീംകോടതി വിധികൾ തുടങ്ങിയവ പരിഗണിക്കുന്പോൾ തുക തിരികെ ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് ഇപിഎഫ്‌ഒ പറയുന്നത്.
തൊഴിൽ മന്ത്രാലയം നൽകിയ പരാതിയിൽ വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി സിബിഐ കേസെടുത്തിരുന്നു. സാന്പത്തിക ക്രമക്കേടുകളിൽ ഇഡിയും അന്വേഷണം നടത്തുന്നുണ്ട്.









0 comments