മോഡിഫൈഡ് പറ്റിക്കൽ

തിരുവനന്തപുരം :
നാലു വോട്ട് കൂടുതൽ കിട്ടാൻ വി ഡി സതീശൻ ജെൻ സീകളെ പറ്റിച്ചത് വാഹന മോഡിഫിക്കേഷന്റെ പേരിൽ. വാഹനങ്ങളിൽ അപകടകരമായ രീതിയിൽ മോഡിഫിക്കേഷൻ നടത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ഇത് അനുവദിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഇതോടെ മോഡിഫിക്കേഷൻ അടക്കമുള്ള കുറ്റകൃത്യങ്ങളിൽ മൂന്നിരട്ടി വർധനയാണ് യുഡിഎഫ് അധികാരത്തിൽ എത്തിയതിന് ശേഷമുണ്ടായത്. അവസരം മുതലെടുത്ത സർക്കാർ അനധികൃത മോഡിഫിക്കേഷന്റെ പേരിൽ ആറ് മാസത്തിനിടെ 9,25,07,572 രൂപ പിഴ ചുമത്തി. പ്രതിമാസ കേസുകൾ ശരാശരി 4,829 വരെയായി. യുഡിഎഫിന്റെ പ്രകടന പത്രികയിലും മോഡിഫിക്കേഷൻ പ്രത്യേകമായി ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ അധികാരത്തിലെത്തിയിട്ടും നടപടികളൊന്നും ഇല്ലാതിരുന്നതോടെ വിമർശമുയർന്നു. ഒടുവിൽ സീറ്റ് കവർ മാറ്റുന്നതുപോലെ നിലവിൽ തടസ്സമില്ലാത്ത രൂപമാറ്റം ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തട്ടിക്കൂട്ട് പട്ടികയുമിറക്കി. ആദ്യം 18 മോഡിഫിക്കേഷൻ അനുവദിച്ചായിരുന്നു ഉത്തരവ്. ഇതിലുള്ള അലോയ് വീൽ, സ്റ്റിക്കർ, സൺ ഫിലിം തുടങ്ങിയവ നിലവിൽ ചെയ്‌തു കൊണ്ടിരിക്കുന്നതാണ്. തുടർന്നുള്ള ഏഴ് തരം രൂപമാറ്റങ്ങള്‍ക്ക് അനുമതി നല്‍കിയുള്ള ഉത്തരവും വഞ്ചനയുടെ നേർചിത്രമായി. വാഹനങ്ങളുടെ നിറംമാറ്റം അടക്കമുള്ള നിലവിൽ പൊതുജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നവയായിരുന്നു ഇൗ ഉത്തരവിൽ ഉണ്ടായിരുന്നത്.
മോട്ടോർ വെഹിക്കിൾ ആക്‌ട് 1988 സെക്‌ഷൻ 52 പ്രകാരം വാഹനത്തിന്റെ യഥാർഥ സ്‌പെസിഫിക്കേഷനുകൾ മാറ്റാൻ പാടില്ല. സംസ്ഥാനങ്ങൾക്ക് ഇതിൽ അടിസ്ഥാനപരമായ മാറ്റംവരുത്താൻ അധികാരമില്ല. ഇത് മറച്ചു വച്ചായിരുന്നു മുഖ്യമന്ത്രിയുടെ നാടകം.








0 comments