Deshabhimani

ലോക സമാധാനം 
യാഥാർഥ്യമാകുമോ

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 20, 2026, 06:39 AM | 2 min read

ചൈനയിലെ ഷെൻഷെനിൽ നടന്ന ഏഷ്യ–പസിഫിക്‌ സാന്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചേർന്ന് പുറത്തിറക്കിയ ‘സംയുക്ത സമാധാന പ്രഖ്യാപനം' ലോകരാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ആണവനിർവ്യാപനം, ആഗോള ഊർജവിതരണം സുസ്ഥിരമാക്കൽ, പരസ്പര സഹകരണം ശക്തിപ്പെടുത്തൽ എന്നിവയാണ് ഇതാദ്യമായി മൂന്ന്‌ ലോകനേതാക്കളും ഒന്നിച്ച ത്രികക്ഷി ഉച്ചകോടിയിലെ പ്രധാന തീരുമാനങ്ങളായി അവതരിപ്പിക്കപ്പെടുന്നത്. ഏകധ്രുവ സാമ്രാജ്യത്വലോകത്തിനായി വാദിക്കുന്ന അമേരിക്ക ചൈനയുടെയും റഷ്യയുടെയും പിന്തുണതേടിയെത്തിയത്‌ സാമ്രാജ്യത്വം എത്തപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്‌. പ്രതികാരച്ചുങ്കത്തിലൂടെയും വ്യാപാരയുദ്ധത്തിലൂടെയും ചൈനയെയും റഷ്യയെയും വെല്ലുവിളിച്ച ഡോണൾഡ്‌ ട്രംപാണ്‌ ഷി ജിൻപിങ്ങിന്റെയും വ്ലാദിമിർ പുടിന്റെയും മുന്നിൽ ചർച്ചയ്‌ക്കിരുന്നത്‌. പ്രധാന ആണവശക്തികൾ എന്നനിലയിൽ ആണവനിർവ്യാപനം സംബന്ധിച്ച ചർച്ചകൾക്കാണ്‌ അസാധാരണമായ കൂടിക്കാഴ്‌ച എന്നാണ്‌ അമേരിക്ക അറിയിച്ചിരുന്നത്‌.

മൂന്ന്‌ പ്രസിഡന്റുമാരുടെ ഉച്ചകോടിയെ വൻ സംഭവമായി അവതരിപ്പിച്ചതും വാർത്താപ്രചാരണം നൽകിയതും വൈറ്റ്‌ഹ‍ൗസാണ്‌. ​രാഷ്‌ട്രീയമായും താൽപ്പര്യങ്ങളിലും വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്പോഴും വൻശക്തികളുടെ ഈ ഒത്തുചേരൽ ലോകഗതിയിൽ എന്തുമാറ്റമാണ്‌ വരുത്തുകയെന്ന്‌ സൂക്ഷ്‌മമായും വസ്തുനിഷ്‌ഠമായും വിലയിരുത്തേണ്ടതുണ്ട്. അമേരിക്ക ഇറാനുമേൽ അടിച്ചേൽപ്പിച്ച യുദ്ധവും അതിനെത്തുടർന്ന് ലോകത്തിലെ പ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോള സമ്പദ്‌വ്യവസ്ഥയെയും സാധാരണ ജനങ്ങളുടെ ജീവിതത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇറാനെതിരായ അമേരിക്കൻ കടന്നാക്രമണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പ്രസ്‌താവനയിൽ പരാമർശമുണ്ടായില്ല. ഇറാനെ ആണവായുധം നേടാൻ അനുവദിക്കില്ലെന്ന ഏകപക്ഷീയമായ ഭീഷണി ആവർത്തിക്കുകയാണ് ട്രംപ് ചെയ്തത്. റഷ്യ–ഉക്രയ്ൻ യുദ്ധവും ത്രികക്ഷി ചർച്ചയിലെ മുഖ്യവിഷയമായില്ല. ത്രികക്ഷി യോഗത്തിന് മുന്നോടിയായി ട്രംപും പുടിനും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഉക്രയ്‌ൻ വിഷയമായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കണമെന്ന് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ത്രികക്ഷി ഉച്ചകോടിയിൽ ഇ‍ൗ രണ്ട് യുദ്ധങ്ങളെയും അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളോ ചർച്ചകൾപോലുമോ ഉണ്ടായിട്ടില്ല എന്നാണ്‌ പ്രസ്താവനയിൽനിന്ന്‌ വ്യക്തമാകുന്നത്‌. ​

ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള മൂന്ന്‌ രാജ്യങ്ങളുടെ തലവന്മാർ ആണവനിരായുധീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് സ്വാഗതാർഹമാണ്. "ആണവായുധങ്ങൾ പൂർണമായും നിരോധിക്കുകയും നശിപ്പിക്കുകയും വേണം’ എന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നിലപാട് ശീതയുദ്ധ മാനസികാവസ്ഥയിൽനിന്നുള്ള മാറ്റത്തെയാണ് ആവശ്യപ്പെടുന്നത്. എന്നാൽ, സ്വന്തം ആയുധപ്പുരകൾ വർധിപ്പിക്കുകയും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന്മേൽ കടന്നുകയറുകയും ചെയ്യുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചരിത്രം മുന്നിലുള്ളപ്പോൾ, ഇത്തരം പ്രഖ്യാപനങ്ങൾ ചൈനയിലെ ഷെൻഷെനിൽ നടന്ന ഏഷ്യ–പസിഫിക്‌ സാന്പത്തിക സഹകരണ (അപെക്) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചേർന്ന് പുറത്തിറക്കിയ ‘സംയുക്ത സമാധാന പ്രഖ്യാപനം' ലോകരാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. പ്രായോഗികതലത്തിൽ എത്തുമോ എന്ന്‌ സംശയം ഉയർത്തുന്നു. ആഗോള ഊർജവിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ മൂന്ന്‌ രാജ്യങ്ങളും കൈകോർക്കുമെന്ന് പറയുമ്പോഴും, സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കായി പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി മാറ്റിയവരുടെ നയങ്ങളിൽ മാറ്റമില്ലാതെ എങ്ങനെയാണ് സമാധാനം പുലരുക എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്‌. സാമ്രാജ്യത്വ യുദ്ധക്കൊതി അവസാനിപ്പിക്കാതെയും പലസ്തീൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കാതെയും നടത്തുന്ന ഏതൊരു സമാധാന പ്രഖ്യാപനവും അപൂർണമായിരിക്കും. ബഹുധ്രുവ ലോകക്രമം യാഥാർഥ്യമാകേണ്ടത് ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാകണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home