യുപിയിൽ കോൺഗ്രസ് 100 സീറ്റ് സ്വപ്‌നം കാണേണ്ടെന്ന് എസ്‌പി

ന്യൂഡൽഹി:
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആവശ്യപ്പെടുന്ന 100 സീറ്റ് നൽകാനാകില്ലെന്ന നിലപാടിൽ ഉറച്ച് സമാജ്‌വാദി പാർടി. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർടി ജയിച്ച സീറ്റുകളും രണ്ടാമതെത്തിയ സീറ്റുകളും ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന് എസ്‌പി വ്യക്തമാക്കി. 2022ൽ 111 സീറ്റിൽ ജയിച്ച എസ്‌പി 223 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇൗ 334 സീറ്റും കോൺഗ്രസിന് വിട്ടുകൊടുക്കുന്ന ചോദ്യം ഉയരുന്നില്ലെന്ന് എസ്‌പി നേതാക്കൾ പ്രതികരിച്ചു. ബാക്കിയുള്ളത് 69 സീറ്റുകൾ മാത്രമാണ്.
അപ്‌നാദൾ (കമേരാവാദി), അപ്‌നി ജനതാപാർടി, ജനവാദി പാർടി (സോഷ്യലിസ്റ്റ്) തുടങ്ങിയ പാർടികളും സഖ്യത്തിൽ ഇടം പ്രതീക്ഷിച്ച് നിൽപ്പുണ്ട്.
നേരത്തെ, 403 സീറ്റുകളിൽ 180 എണ്ണത്തിന് അവകാശവാദം ഉന്നയിച്ച കോൺഗ്രസ് പിന്നീട് 100 സീറ്റെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ എസ്‌പി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ച 22 സീറ്റുകൾ ഉൾപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 399 സീറ്റിൽ ഒറ്റയ്‌ക്ക് മത്സരിച്ച കോൺഗ്രസിന് രണ്ട് സീറ്റുകൾ മാത്രമാണ് ജയിക്കാനായത്. മിക്ക ജില്ലകളിലും കോൺഗ്രസ് നാമമാത്ര സാന്നിധ്യമാണ്. ദേശീയ തലത്തിലെ മുഖ്യ പ്രതിപക്ഷ പാർടിയായതിനാൽ ഉത്തർപ്രദേശിൽ പരമാവധി സീറ്റുകളിൽ മത്സരിക്കണമെന്ന കോൺഗ്രസിന്റെ അവകാശവാദം ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നാണ് എസ്‌പിയുടെ നിലപാട്. പരമാവധി 50 മുതൽ 65 സീറ്റുകൾ വരെ നൽകാം.
up election
അതിനപ്പുറത്തേക്ക് ആലോചനപോലും ആവശ്യമില്ലെന്നും എസ്‌പി അറിയിച്ചിട്ടുണ്ട്. സീറ്റ് വിഭജന ചർച്ചകൾക്കായി കോൺഗ്രസ് പ്രിയങ്കാ ഗാന്ധി അധ്യക്ഷയായ സമിതി രൂപീകരിച്ചിട്ടുണ്ട്. 23, 24 തിയതികളിൽ കോൺഗ്രസും എസ്‌പിയും തുടർചർച്ചകൾ നടത്തും.








0 comments