എന്തിരൻ പകർപ്പവകാശ കേസ്: സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കൾ ഇ ഡി മരവിപ്പിച്ചു

shankar director
വെബ് ഡെസ്ക്

Published on Feb 20, 2025, 07:31 PM | 1 min read

ചെന്നൈ: രജനികാന്ത് നായകനായ എന്തിരൻ്റെ കഥാതന്തു സംബന്ധിച്ച കോപ്പിയടി കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കൾ ഇ ഡി മരവിപ്പിച്ചു. എന്തിരൻ സിനിമയുമായി ബന്ധപ്പെട്ട കേസിലാണ് 10.11 കോടിയുടെ സ്വത്തുക്കൾ താത്കാലികമായി കണ്ടുകെട്ടിയത്. എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ കേസിലാണ് നടപടി. 1996ൽ തമിഴ് മാസികയിൽ പ്രസിദ്ധീകരിച്ച കഥ അനുമതിയില്ലാതെ സിനിമയാക്കി എന്നാണ് പരാതി.


മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ അരൂർ തമിഴ്നാടൻ 2011-ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. ശങ്കറിൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ എന്തിരൻ്റെ കഥയ്ക്ക് തൻ്റെ 'ജിഗുബ' എന്ന കഥയുമായി സാമ്യമുള്ളതായാണ് അരൂരിന്റെ ആരോപണം. 1957ലെ പകർപ്പവകാശ നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകളും ലംഘിച്ചുവെന്നാരോപിച്ചാണ് ശങ്കറിനെതിരെ കേസെടുത്തിരിക്കുന്നത്.


എന്തിരൻ സിനിമയിലൂടെ ശങ്കറിന് 11.5 കോടി രൂപ ലഭിച്ചതായി അന്വേഷണത്തിൽ ഇ ഡി കണ്ടെത്തി. ജി​ഗുബയുടേയും എന്തിരന്റെയും ആഖ്യാന ഘടന, കഥാപാത്ര വികസനം എന്നിവയിൽ സമാനതകളുണ്ടെന്ന് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്വതന്ത്ര റിപ്പോർട്ടും പുറത്ത് വന്നിരുന്നു. രജനികാന്തും ഐശ്വര്യ റായിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്തിരൻ 2010ലാണ് പുറത്തിറങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Home