print edition ഇഡി അതിര് കടക്കരുത്


സ്വന്തം ലേഖകൻ
Published on Oct 22, 2026, 12:08 AM | 1 min read
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും സിപിഐ എമ്മിനെയും സിഎംആർഎൽ–എക്‌സാലോജിക് ഇടപാടിന്റെ പേരിൽ കള്ളപ്പണ നിരോധന നിയമം ചുമത്തി വേട്ടയാടാൻ ഇറങ്ങിയ ഇഡിക്ക് സുപ്രീംകോടതിയിൽ കനത്ത പ്രഹരം. ഇഡിക്ക് ശക്തമായ താക്കീതാണ് കോടതി നൽകിയത്. ‘ഇഡിയും ഹൈക്കോടതിയും എന്താണ് ചെയ്‌തതെന്ന് ഞങ്ങൾക്കറിയാം. മറ്റ് സ്ഥാപനങ്ങളുടെ നിയമപരമായ മേഖലയിൽ ഇടപെടാൻ അധികാരത്തെ ഉപയോഗിക്കരുത്. ഇഡിയോട് ഞങ്ങളിത് വ്യക്തമായി പറയുന്നു’’ –ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി പറഞ്ഞു.
പിഎംഎൽഎ നിയമത്തിന്റെ സെക്‌ഷൻ 66(2) പ്രകാരം ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമല്ല. കേസെടുത്ത് അന്വേഷണം നടത്തേണ്ട ഗുരുതര കുറ്റങ്ങൾ വെളിപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിവരം കൈമാറിയതും പൊലീസ് കേസെടുത്തതെന്നുമുള്ള ഇഡിയുടെ അഭിഭാഷകൻ ഷൊയബ് ഹസന്റെ വാദം കോടതി തള്ളി.
വിധികളെ നിയമങ്ങളാക്കി വായിക്കുകയും ഇഡിയുടെ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കേണ്ടത് നിർബന്ധമാണെന്ന് തെറ്റായി വ്യാഖ്യാനിക്കുകയുമാണ്. എല്ലായിടത്തും എല്ലാം നിർബന്ധമാക്കുന്ന സൂപ്പർ അഡ്മിനിസ്ട്രേറ്റർ അല്ല കള്ളപ്പണ നിരോധന നിയമം. അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സെക്‌ഷൻ 66(2) പ്രകാരം എഫ്‌ഐആർ എങ്ങനെ രജിസ്റ്റർ ചെയ്യാനാകും. അഴിമതി വിരുദ്ധ നിയമത്തിൽ പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ചട്ടപ്രകാരം ഉത്തരവാദിത്തം നിർവഹിച്ചശേഷവും സംസ്ഥാന അന്വേഷണ ഏജൻസികളിൽ ഇഡി ഇടപെടുന്നത് ശരിയല്ല. നിയമപരമായ പരിധിക്കപ്പുറം കൈ നീട്ടാൻ നിൽക്കരുത് – ജസ്റ്റിസ് ബാഗ്‌ചി വ്യക്തമാക്കി.









0 comments