ബിജെപിയിൽ നിന്ന് 1,000 കോടി: തൃണമൂലിന്റെ സ്റ്റിംഗ് വീഡിയോ പുറത്ത്; ഹുമയൂൺ കബീറുമായുള്ള സഖ്യം അവസാനിപ്പിച്ച് എഐഎംഐഎം

ഹുമയൂൺ കബീർ, അസദുദ്ദീൻ ഒവൈസി / Image Credit : PTI
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ 'സ്റ്റിംഗ് വീഡിയോ' പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. മുൻ തൃണമൂൽ നേതാവും ആം ജനതാ ഉന്നയൻ പാർട്ടി അധ്യക്ഷനുമായ ഹുമയൂൺ കബീർ ബിജെപി നേതാക്കളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവന്ന വീഡിയോയിലെ ആരോപണം.
ഹുമയൂൺ കബീർ ബിജെപി നേതാക്കളുമായി രഹസ്യബന്ധം പുലർത്തുന്നുവെന്നാരോപിക്കുന്ന 'സ്റ്റിംഗ് വീഡിയോ' പുറത്തുവന്നതിന് പിന്നാലെ മുൻ തൃണമൂൽ കോൺഗ്രസ് എം.എൽ.എ ഹുമയൂൺ കബീറിന്റെ പാർട്ടിയായ 'ആം ജനതാ ഉന്നയൻ പാർട്ടി'യുമായുള്ള സഖ്യം അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം അവസാനിപ്പിച്ചു. വീഡിയോ പുറത്തുവന്നതോടെ ഒവൈസി തന്റെ ബംഗാൾ പര്യടനം റദ്ദാക്കുകയും സഖ്യം ഔദ്യോഗികമായി പിൻവലിക്കുകയും ചെയ്തു. ബംഗാൾ തെരഞ്ഞെടുപ്പിൽ ഇനി മുതൽ ആരുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഒവൈസി അറിയിച്ചു.

തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപി 1,000 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയെന്നും ഇതിൽ 200 കോടി രൂപ മുൻകൂറായി ലഭിച്ചുവെന്നും തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ട വീഡിയോയിൽ ഹുമയൂൺ കബീർ എന്ന് സംശയിക്കുന്ന വ്യക്തി പറയുന്നു. മുസ്ലിം സമുദായത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളെ അംഗീകരിക്കാനാവില്ലെന്ന് പാർട്ടി വ്യക്തമാക്കി.
മുസ്ലിം വോട്ടുകൾ തൃണമൂലിൽ നിന്ന് അകറ്റി ബിജെപിക്ക് ഗുണകരമാകുന്ന രീതിയിൽ മാറ്റാനുള്ള തന്ത്രങ്ങൾ വീഡിയോയിൽ ചർച്ച ചെയ്യുന്നുണ്ട്. "മുസ്ലിങ്ങളെ വിഡ്ഢികളാക്കാൻ എളുപ്പമാണ്" എന്ന വിവാദ പരാമർശവും ഇതിലുണ്ട്. ബിജെപി നേതാക്കളായ സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ്മ എന്നിവരുമായി ഏകോപനം നടത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതായും വീഡിയോയിൽ ആരോപിക്കുന്നു.
അതേസമയം വീഡിയോ വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഹുമയൂൺ കബീർ പ്രതികരിച്ചു. 2019-ന് ശേഷം താൻ ഒരു ബിജെപി നേതാവിനെയും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ഹുമയൂൺ കബീർ, തൃണമൂൽ നേതാക്കൾക്കെതിരെ അപകീർത്തിക്കേസ് നൽകുമെന്നും പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23, 29 തീയതികളിലായാണ് നടക്കുക. മെയ് 4-നാണ് വോട്ടെണ്ണൽ.










0 comments