print edition വിഖ്യാത പുരാവസ്‌തു ശാസ്‍ത്രജ്ഞ ഷിറിൻ രത്നാഗർ വിടവാങ്ങി

ഷിറിൻ എഫ് രത്നാഗ
മുംബൈ: സിന്ധുനദീതട സംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് അമൂല്യ സംഭാവന നൽകിയ പ്രമുഖ പുരാവസ്‌തു ശാസ്‌ത്രജ്ഞയും ചരിത്രകാരിയുമായ ഷിറിൻ എഫ് രത്നാഗർ (82) വിടവാങ്ങി. ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ആർക്കിയോളജി പ്രൊഫസറായിരുന്ന രത്നാഗർ, ഹരപ്പൻ നാഗരികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ആധികാരിക ശബ്‌ദമായിരുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ ഹിന്ദുത്വ പുനരാഖ്യാനങ്ങളുമായി കൂട്ടിക്കെട്ടാനുള്ള ശ്രമത്തെ ചെറുക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. ഋഗ്വേദ കാലഘട്ടവും സിന്ധുനദീതട നാഗരികതയും ഒന്നാണെന്ന മട്ടിലുള്ള സംഘപരിവാർ വാദത്തെ അവര്‍ വസ്‌തുത നിരത്തി പൊളിച്ചു.
ബാബ്റി മസ്ജിദ് കേസിൽ സുന്നി വഖഫ് ബോർഡിന്റെ വിദഗ്ധ സാക്ഷിയായിരുന്നു രത്നാഗർ. തർക്കഭൂമിയിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 2003-ലെ ഖനന കണ്ടെത്തലുകളെ അവര്‍ നിരാകരിച്ചിരുന്നു. മസ്ജിദിനുതാഴെ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ക്ഷേത്രം നിലനിന്നിരുന്നു എന്ന വാദം അവര്‍ തള്ളിക്കളഞ്ഞിരുന്നു. 2000-ൽ ജെഎൻയു-വിൽ നിന്ന് വിരമിച്ച രത്നാഗർ പിന്നീട് മുംബൈയിലായിരുന്നു താമസം.
സിന്ധുനദീതട സംസ്‌കാരത്തിന് മറ്റ് സമകാലിക വിദേശ സംസ്‌കാരങ്ങളുമായുണ്ടായിരുന്ന ബന്ധം വെളിച്ചത്തുകൊണ്ടുവരുന്നതിൽ നിര്‍ണായക പങ്കുവഹിച്ചു.
അവരുടെ ‘എൻകൗണ്ടേഴ്സ്: ദി വെസ്റ്റേർലി ട്രേഡ് ഓഫ് ദി ഹരപ്പ സിവിലൈസേഷൻ' (1981) എന്ന പുസ്‌തകം, ഹരപ്പയുടെ പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള വാണിജ്യബന്ധം സ്ഥിരീകരിച്ചു. ‘അണ്ടർസ്റ്റാൻഡിങ് ഹരപ്പ: സിവിലൈസേഷൻ ഓഫ് ദി ഇൻഡസ്' (2001) എന്ന പുസ്‌തകവും ശ്രദ്ധേയം. ഹരപ്പയുമായി ബന്ധപ്പെട്ട നിരവധി അവകാശവാദങ്ങള്‍ക്ക് തെളിവുകളില്ലെന്ന് അവര്‍ കണ്ടെത്തി. രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാരും പണ്ഡിതരും രത്നാഗറിന്റെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.










0 comments