അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരുടെ അടിയന്തര യോഗം വിളിച്ചു

ന്യൂഡൽഹി: പാകിസ്ഥാനുമായും നേപ്പാളുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം നടന്നത്. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ, ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ, ചീഫ് സെക്രട്ടറിമാർ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥരേയും തിരികെ വിളിക്കാൻ കേന്ദ്ര സായുധ പൊലീസ് സേനാ മേധാവികൾക്കും ആഭ്യന്തരമന്ത്രി ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര സുരക്ഷാ സ്ഥിതിഗതികൾ യോഗത്തിൽ അവലോകനം ചെയ്തു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരോട് കർശന ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പഹൽഗാമിൽ ക്രൂരമായി നിരപരാധികളെ കൊലപ്പെടുത്തിയതിനുള്ള ഇന്ത്യയുടെ പ്രതികരണമാണ് 'ഓപ്പറേഷൻ സിന്ദൂർ' എന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.









0 comments